തിരുവാതിരക്കളിയിൽ അധ്യാപികക്ക് ഗുരുനാഥയായി ശിഷ്യ
text_fieldsപഴയന്നൂർ: പഠിപ്പിച്ച അധ്യാപികയെ പഠിപ്പിക്കാനുള്ള അപൂർവാവസരം കൈവന്ന സന്തോഷത്തിലാണ് നൃത്താധ്യാപിക ജയശ്രീ (44). ചെറുകര പവിത്രം വീട്ടിൽ സുജാത (59) ആണ് ജയശ്രീയുടെ ശിഷ്യയായ അധ്യാപിക. സ്കൂളിൽ നാലാം ക്ലാസിലാണ് സുജാത ജയശ്രീയെ പഠിപ്പിച്ചത്. വിരമിച്ചശേഷമാണ് സുജാതക്ക് തിരുവാതിരക്കളി പഠിക്കണമെന്ന് മോഹം തോന്നിയത്. അന്വേഷിച്ചപ്പോൾ നാട്ടിലെ പേരുകേട്ട നൃത്താധ്യാപിക താൻ പഠിപ്പിച്ച ജയശ്രീ ആണെന്നറിഞ്ഞു.
വൈകാതെ ശിഷ്യയുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രായം വെറും നമ്പർ മാത്രമായി സുജാത തിരുവാതിരക്കളി അതിവേഗം പഠിച്ചെടുത്തു. രണ്ട് പ്രാവശ്യം പഴയന്നൂർ ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും പ്രോത്സാഹനവുമായി ഭർത്താവ് സത്യപ്രകാശും മക്കളും ഒപ്പമുണ്ട്. സ്കൂൾ പഠനകാലത്തുതന്നെ ജയശ്രീ നൃത്തം പഠിക്കാൻ തുടങ്ങിയിരുന്നു. കേരളത്തിലെ പ്രഗത്ഭരായ ഗുരുക്കന്മാരിൽനിന്നും ഗുരുകുലസമ്പ്രദായത്തിൽ പഠനം തുടങ്ങി. ആകാശവാണി, ദൂരദർശൻ എന്നീ സ്ഥാപനങ്ങളിൽ ഗ്രേഡ് ആർട്ടിസ്റ്റാണ്. ഇപ്പോൾ പഴയന്നൂർ വടക്കേത്തറയിൽ കേരള കലാലയം എന്ന സ്ഥാപനത്തിൽ നൃത്ത അധ്യാപികയായി തുടരുന്നു.