ആരോഗ്യ മേഖല ഫീനിക്സ് പക്ഷിയെപോലെ പറന്നുയർന്നു-മന്ത്രി രാജൻ
text_fieldsആർദ്ര കേരള പുരസ്കാരം കരസ്ഥമാക്കിയ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിക്കുന്ന ‘ആദരവ്’ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞാണി: അതിഭീകരമായ പകർച്ചവ്യാധികളാൽ വസൂരിപ്പുരകളുടെ സംസ്ഥാനമായിരുന്ന കേരളത്തിന്റെ ആരോഗ്യ മേഖല ഫീനിക്സ് പക്ഷിയെപോലെ പറന്നുയർന്നെന്ന് മന്ത്രി കെ. രാജൻ.ദേശീയ ഗുണനിലവാര അംഗീകാരവും ആർദ്ര കേരള പുരസ്കാരവും കരസ്ഥമാക്കിയ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആദരിക്കുന്ന ‘ആദരവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുമാണ് യഥാർഥത്തിൽ ആദരിക്കപ്പെടേണ്ടവർ. കോവിഡെന്ന മഹാമാരിയിൽ സാനിറ്റൈസറും മുഖംമൂടികളുമായി അകന്നുനിന്നിരുന്ന കാലത്ത് മരണഭയപ്പാടില്ലാതെ രോഗികളെ പരിചരിച്ചവരാണവർ. ഓപൺ ഹാർട്ട് സർജറി ഉൾപ്പെടെ നടത്താവുന്ന തരത്തിൽ രോഗങ്ങളെ ചങ്കുറപ്പോടെ നേരിടാൻ കഴിയുന്ന വിധത്തിലേക്ക് സംസ്ഥാനത്തിന്റെ ജനറൽ, ജില്ലാ, മെഡിക്കൽ കോളജ് ആശുപത്രികൾ മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിഷ സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിൻസി തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ വിശ്വംഭരൻ, മുൻ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, മെഡിക്കൽ ഓഫിസർ ഡോ. അനുബേബി എന്നിവർ സംസാരിച്ചു