പൊളിച്ച ആനപ്പള്ള മതിലിന് 19 വർഷത്തിന് ശേഷം ശാപമോക്ഷം
text_fieldsവേലൂർ: നിരവധി മലയാള-സംസ്കൃത ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കവിയുമായ അര്‍ണോസ് പാതിരി സ്ഥാപിച്ച വേലൂരിലെ ചരിത്ര പ്രസിദ്ധമായ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ ആനപ്പള്ള ചുറ്റുമതിലും അർണോസ് ഭവനവും പഴമയുടെ പ്രൗഢി നിലനിർത്തി നവീകരിക്കുന്നു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ചുറ്റുമതിലോടുകൂടിയ പള്ളിയും പാതിരി താമസിച്ചിരുന്ന ഭവനവും. 1724ലാണ് അര്‍ണോസ് പാതിരി ആനപ്പള്ള ചുറ്റുമതിലോടുകൂടി പള്ളിയും പടിഞ്ഞാറെ പ്രവേശന ഗോപുരത്തോടനുബന്ധിച്ച് ഭവനവും നിർമിച്ചത്. ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ യഥാർഥ മാതൃകയാണ് ഈ പള്ളി.
വലിയ മരത്തടികൾ താങ്ങിനിർത്തുന്ന തടി മേൽക്കൂര, പുരാതന ബലിപീഠം, പള്ളിയുടെ ഉള്ളിലെ ചുവരിൽ കാണപ്പെടുന്ന ചുവർച്ചിത്രങ്ങൾ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. 2006 ജൂലൈ 17നാണ് പള്ളി അധികൃതര്‍ മതിലിന്റെ കിഴക്കുഭാഗം പൊളിച്ചുമാറ്റിയത്. ആ ഭാഗമാണ് 13.10 മീറ്റർ നീളത്തിൽ നേരത്തെ ഉണ്ടായിരുന്ന ആനപ്പള്ള മതിലായി പുതുക്കി നിർമിക്കുന്നത്.
വേലൂര്‍ പള്ളിയുടെ ചുറ്റുമതിലില്‍ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ അര്‍ണോസ് പാതിരി പ്രവേശനഗോപുരങ്ങള്‍ നിർമിച്ചിരുന്നു. ഇതിന്റെ പടിഞ്ഞാറെ പ്രവേശന ഗോപുരം അര്‍ണോസ് പാതിരി താമസസ്ഥലമായാണ് ഉപയോഗിച്ചിരുന്നത്. ഈ ഭവനത്തിന്റെ മര ഉരുപ്പടികൾ കാലപഴക്കത്താലും ചിതൽ വന്നും നശിച്ചിരുന്നു. കേടുവന്ന മര ഉരുപ്പടികൾക്കു പകരം പുതിയവ സ്ഥാപിച്ചും ഭാവിയിൽ ചിതൽ വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
13.98 ലക്ഷം രൂപ ചെലവഴിച്ചാണ് മതിൽ നിർമാണം. കഴിഞ്ഞ ആഗസ്റ്റ് 14നാണ് നവീകരണ പ്രവർത്തികൾ ആരംഭിച്ചത്. നവംബറിൽ പണി പൂർത്തിയാകും. പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, എൻജിനീയർമാരായ എസ്. ഭൂപേഷ്, ടി.എസ്. ഗീത, ടി.ജി. കീർത്തി എന്നിവരാണ് നേതൃത്വം നൽകുന്നത്.


