ക്ഷേത്ര നഗരിയുടെ പ്രതീക്ഷ; ബസ് സ്റ്റാൻഡ് സമുച്ചയവും സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സും
text_fieldsകിഴക്കെ നടയിൽ പൂർത്തിയാകുന്ന സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ മാതൃക
ഗുരുവായൂർ: ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് സമുച്ചയവും ഇതിനോട് ചേർന്നുള്ള സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സുമാണ് ക്ഷേത്ര നഗരത്തിന്റെ പ്രതീക്ഷ. 18.50 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 4777 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ബസ് സ്റ്റാൻഡ് ടെർമിനൽ നിർമിച്ചു കൊണ്ടിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ഐഡിയൽ ബസ് പാർക്കിങ് സംവിധാനം, എസ്കലേറ്ററുകൾ, പാർക്കിങ് ഏരിയ, ശീതീകരിച്ച റസ്റ്റാറന്റുകൾ, കോൺഫറൻസ് ഹാൾ, ഷോപ്പിങ് മാളുകൾ എന്നിവയടങ്ങുന്നതാണ് ബസ് ടെർമിനൽ. ഇതിനോടു ചേർന്ന് 2977 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണവും പുരോഗമിക്കുന്നുണ്ട്. 80ഓളം കടമുറികൾ അടങ്ങുന്നതാണ് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ്.
ഗുരുവായൂർ കിഴക്കെ നടയിൽ പൂർത്തിയാകുന്ന ബസ് ടെർമിനലിന്റെ മാതൃക
ഫുഡ് കോർട്ടുകൾ, ലിഫ്റ്റുകൾ, ഓപ്പൺ ഡൈനിങ് സംവിധാനം, 400 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ, വിശാലമായ പാർക്കിങ് എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റിയാണ് രണ്ടും നിർമിക്കുന്നത്.
പറഞ്ഞതിലും വേഗത്തിലാണ് പണികൾ പൂർത്തിയായി വരുന്നത്. ഓണ സമ്മാനമായി രണ്ടും നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു.