ജനസേവനത്തിൽ ഇവർ മാതൃക ദമ്പതികൾ
text_fieldsമാള: തദ്ദേശ തെരഞ്ഞെടുപ്പിൽ മാതൃക ദമ്പതികളാണ് തോമസും ഡെയ്സിയും. പൊയ്യ പഞ്ചായത്തിലെ ഏഴാം വാർഡിനെ കഴിഞ്ഞ 15 വർഷമായി പ്രതിനിധാനം ചെയ്യുന്നവർ ഇവർ രണ്ടു പേരുമാണ്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ദമ്പതികളുടെ തെരഞ്ഞെടുപ്പ് വിജയഗാഥയുടെ തുടക്കം.
പൊയ്യ പഞ്ചായത്ത് വാർഡ് ഏഴ് മഠത്തുംപടിയിലാണിവരുടെ വീട്. 2010ൽ വാർഡ് വനിത സംവരണമായപ്പോൾ കോൺഗ്രസിന്റെ സജീവ അംഗങ്ങളായ ദമ്പതികളിൽ ഡെയ്സിക്ക് നറുക്ക് വീണു. ജയിച്ചുവന്നതോടെ പഞ്ചായത്ത് പ്രസിഡന്റുമായി. എ-ഐ ഗ്രൂപ്പുകൾ തമ്മിലുള്ള സമവായം മൂലം മൂന്ന് വർഷമായിരുന്നു പ്രസിഡന്റ് സ്ഥാനം. 2015ൽ വാർഡ് ജനറൽ ആയി.
ഇത്തവണ പാർട്ടിയുടെ നറുക്ക് തോമസിന്. തോമസും വിജയിച്ചു. പക്ഷേ, ഭരണം എൽ.ഡി.എഫിന്. പഞ്ചായത്ത് അംഗമായി പ്രതിപക്ഷത്ത് അഞ്ച് വർഷം തുടർന്നു. 2020ൽ വാർഡ് വണ്ടും വനിതസംവരണമായി. ഡെയ്സിയെ തന്നെ പാർട്ടി രംഗത്തിറക്കി. മത്സരിച്ച് വിജയിക്കുകയും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയതോടെ പ്രസിഡന്റുമായി. അഞ്ച് വർഷം കാലാവധി തീർത്തു പടിയിറങ്ങുകയാണ് ഡെയ്സി.
2025ൽ എസ്.സി. ജനറൽ വാർഡാണ് മഠത്തുംപടി. ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഇല്ലെങ്കിൽ മത്സര രംഗത്ത് ഉണ്ടാവുകയും ഇല്ല. ഇതാണ് ഈ ജനപ്രതിനിധികളായ ദമ്പതികളുടെനിലപാട്.


