തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് കേന്ദ്രം: സാധ്യത പഠനം നടത്തും
text_fieldsപ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നതിന് സാധ്യത പഠനം നടത്താൻ ആശുപത്രി വികസന സമിതി ജനറൽബോഡി യോഗം തീരുമാനിച്ചു.ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ ക്രമാതീതമായ വർധന കണക്കിലെടുത്ത് എച്ച്.ഡി.എസിന് കീഴിൽ പ്രത്യേക ഡയാലിസിസ് സെന്റർ സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്.
ഡോക്ടർമാരുടെ സബ് കമ്മറ്റി രൂപവത്കരിച്ച് ഉപകരണങ്ങളുൾപ്പെടെ ചെലവുകളും രോഗികളുടെ വർധനവും വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട് സാധ്യത പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചു. അപാകതകൾ പരിഹരിച്ച് മെഡിക്കൽ കോളജ് എച്ച്.ഡി.എസ്. ജീവനക്കാരുടെ ഏകീകരിച്ച ശമ്പള പരിഷ്കരണം നടപ്പാക്കാനും തീരുമാനിച്ചു.യോഗത്തിൽ ചെയർമാൻ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു.
കെ. രാധാകൃഷ്ണൻ എം. പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പുഴയ്ക്കൽ േബ്ലാക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, പ്രിൻസിപ്പൽ ഇൻചാർജ് ഡോ.കെ.ബി. സനൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.വി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
സമിതി യോഗത്തിൽ ഇറങ്ങിപ്പോക്ക്
മുളങ്കുന്നത്തുകാവ്: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗത്തിൽ വാക്ക് തർക്കങ്ങളെ തുടർന്ന് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.ഡ്രൈവർമാർക്കെതിരെ വിജിലൻസ് നടത്തിവരുന്ന അന്വേഷണ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്കൊടുവിൽ പ്രസ്തുത ഡ്രൈവർമാർ നിരപരാധികൾ ആണെന്ന് വിജിലൻസ് റിപ്പോർട്ടിൽ തെളിഞ്ഞിട്ടും ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നീട്ടിക്കൊണ്ടുപോവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എച്ച്.ഡി.എസ്. അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.
ആശുപത്രി വികസന സമിതി ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി ദ്രോഹിക്കുകയാണെന്ന് എച്ച്.ഡി.എസ് അംഗങ്ങൾ കുറ്റപ്പെടുത്തി.ആശുപത്രി വികസന സമിതി അംഗങ്ങളായ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.വി. കുര്യാക്കോസ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്. ആദാനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ബിജു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, കെ.ഡി.പി ജില്ല പ്രസിഡൻറ് റോയ് പെരിഞ്ചേരി തുടങ്ങിയവരാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.യോഗത്തിൽ ആശുപത്രി വികസന സമിതി ചെയർമാൻ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു.