നടപ്പാകുമോ;തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാത വികസനം
text_fieldsകാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്ക്
വാടാനപ്പള്ളി: 2024 വിട പറഞ്ഞു. വർഷങ്ങളായുള്ള തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാത വികസനം 2025ലെങ്കിലും നടപ്പാകുമോ? യാത്രക്കാരും വാഹന ഉടമകളുടേതുമാണ് ചോദ്യം. വീതി കുറഞ്ഞ ഈ റോഡിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ വിവിധ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഒത്തൊരുമിച്ചുള്ള പോരാട്ടമാണ് നേരത്തെ നടത്തിയത്.
ഇന്നിപ്പോൾ നേതാക്കളുടെ മട്ടും ഭാവവും മാറി. പോരാട്ടത്തിന്റെ ഭാഗമായി തൃശൂർ പടിഞ്ഞാറെ കോട്ട മുതൽ കപ്പൽ പള്ളി വരെ റോഡ് വീതി കൂട്ടിയിരുന്നു. എന്നാൽ, പിന്നെ വാടാനപ്പള്ളി വരെ എങ്ങുമെത്തിയില്ല. റോഡ് വീതി കൂട്ടാനുള്ള പ്രവർത്തനത്തിന് മുരളി പെരുനെല്ലി എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരടങ്ങുന്ന ആക്ഷൻ കമ്മിറ്റിക്ക് നേരത്തെ രൂപം നൽകിയിരുന്നു.
പി.എ. മാധവൻ മണലൂർ മണ്ഡലം എം.എൽ.എയായിരുന്നപ്പോൾ വികസനത്തിന് ശ്രമം നടത്തി. കഴിഞ്ഞ യു.ഡി.എഫ്. സർക്കാറിന്റെ അവസാനകാല ഘട്ടത്തിൽ നിർമാണ ഉദ്ഘാടനം ഒളരിയിൽ കൊട്ടിയാഘോഷിച്ച് നടത്തി.
പിന്നീട് ഭരണം എൽ.ഡി.എഫിനായി. തുടർച്ചയായുള്ള എൽ.ഡി.എഫ് ഭരണത്തിൽ റോഡ് വികസനങ്ങൾക്ക് തുടക്കം കുറിക്കാൻ ഇനിയും കഴിഞ്ഞില്ല. ആക്ഷൻ കൗൺസിൽ അംഗമായിരുന്ന മുരളി പെരുനെല്ലിയാണ് നിലവിൽ മണലൂർ മണ്ഡലം എൽ.എൽ.എ. റോഡ് അളവ് പൂർത്തീകരിച്ച് കുറ്റിയിട്ടെങ്കിലും റോഡ് വീതി കൂട്ടാനുള്ള പ്രവൃത്തി ഇനിയും ആരംഭിച്ചില്ല.