ടൂറിസ്റ്റ് ബസ് വൈദ്യുതി തൂണിലിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsമുതുവറ സെന്ററിൽ അപകടത്തിൽ പെട്ട ബസ്
മുളങ്കുന്നത്തുകാവ്: ടൂറിസ്റ്റ് ബസ് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ മീനാക്ഷി (66), വിജിത (43), ശിവക (17) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച മൂന്നോടെ മുതുവറ സെന്ററിലായിരുന്നു അപകടം.
പുലർച്ചയുണ്ടായ അപകടത്തിൽ ബസ് 11 കെ.വി ഡിപി സ്ട്രക്ചറിന്റെ രണ്ട് പോസ്റ്റുകളിൽ ഇടിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് എത്തിയ മെഴ്‌സിഡസ് ബെൻസ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ഫുട്പാത്തിലേക്ക് കയറിയാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. വൈദ്യുതി ഇരുമ്പു തൂണുകൾ ഒടിഞ്ഞു. വൈദ്യുത ലൈനുകൾ പൊട്ടി താഴ്ന്നുകിടന്നതിനാൽ സ്ഥലത്തേക്ക് പെട്ടെന്ന് ആളുകൾക്ക് ഓടിയെത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് കരുതുന്നു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.


