ബസുകൾ നിർത്തുന്നത് പഴയ സ്റ്റോപ്പിൽ തന്നെ; ബസ് കാത്തിരിപ്പ് കേന്ദ്രം വിശ്രമ കേന്ദ്രമായി
text_fieldsവലപ്പാട് പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം
തൃപ്രയാർ: രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് വലപ്പാട് പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിർത്താതായതോടെ വയോധികരുടെ വിശ്രമ കേന്ദ്രമായി.പഞ്ചായത്തിലെ പ്രധാന ബസ് കാത്തിരിപ്പ് സ്ഥലമായ ചന്തപ്പടിയിൽ നിർമിച്ച ഷെഡാണ് വിശ്രമ കേന്ദ്രമായത്.
ചന്തപ്പടി ഓപൺ ഓഡിറ്റോറിയത്തിനു മുന്നിൽ ദേശീയപാതക്ക് അഭിമുഖമായും കിഴക്കോട്ടുള്ള റോഡിനോട് ചേർന്നുമാണിത് നിർമിച്ചത്. സമീപത്ത് മരമുള്ളതിനാൽ തണലും ലഭിക്കും.
പുതിയ കാത്തിരിപ്പു കേന്ദ്രം തുറന്നിട്ടും ബസുകൾ പഴയ സ്റ്റോപ്പിൽ തന്നെയാണ് നിർത്തുന്നത്. ഇതാകട്ടെ പുതിയ സ്റ്റോപ്പിൽനിന്ന് ഏതാനും മീറ്റർ മാത്രം ദൂരെയാണ്.
പഞ്ചായത്ത് ഓഫിസിന്റെയും വലപ്പാട് പൊലീസ് സ്റ്റേഷന്റെയും തൊട്ടടുത്ത ബസ് കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്ക് ഗുണകരമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.