മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsവടക്കുംനാഥൻ, റിജോ, സനോജ്
തൃപ്രയാർ: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച മൂന്നു പേരെ വലപ്പാട് പൊലീസ് പിടികൂടി. നാട്ടിക പുത്തൻതോട് സ്വദേശി ചിറ്റേഴത്ത് വടക്കുംനാഥൻ (32), താന്ന്യം എടകുളത്തൂർ വീട്ടിൽ റിജോ (39), ഗുരുവായൂർ കോട്ടപ്പടി വെള്ളാപ്പറമ്പിൽ വീട്ടിൽ സനോജ് (42)എന്നിവരാണ് അറസ്റ്റിലായത്. നാട്ടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് 40,000 രൂപയുമായി ഇവർ മുങ്ങുകയായിരുന്നു.
ഫിനാൻസ് ഉടമ സുധീർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ, സുധീറിന്റെതന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിൽ ശനിയാഴ്ച വീണ്ടും മുക്കുപണ്ടം പണയംവെക്കാൻ ഈ സംഘം എത്തിയപ്പോൾ പൊലീസിനെ അറിയിച്ച് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ ആന്റണി ജിംബിൾ, സി.പി.ഒ പി.യു. ഉണ്ണി, പി.യു. മനോജ്, എസ്.ബി. ഒ കെ.എം. മുജീബ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.