അപകട മുനമ്പായി തൃപ്രയാർ ജങ്ഷൻ
text_fieldsതൃപ്രയാർ ജങ്ഷനിലെ തകർന്ന ഡിവൈഡർ
തൃപ്രയാർ: അശാസ്ത്രീയമായ ഡിവൈഡർ നിർമാണം മൂലം പത്തുവർഷത്തിനുള്ളിൽ സ്ഥിരം അപകടസ്ഥലമായി മാറി തൃപ്രയാർ ജംങ്ഷൻ. ശനിയാഴ്ച രാത്രിയാണ് ഒടുവിലത്തെ അപകടം നടന്നത്. തകർന്ന ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞാണ് കാർ അപകടത്തിൽപെട്ടത്. പരിസരത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാർക്ക് കാര്യമായ അപകടമൊന്നും സംഭവിച്ചില്ല. രണ്ടാഴ്ച മുമ്പും ജങ്ഷനിൽ കാർ മറിഞ്ഞിരുന്നു.
തെരുവുവിളക്കുകൾ കത്താത്തതിനാൽ ഇരുട്ടുമാണിവിടെ. സിഗ്നൽ ലൈറ്റില്ലാത്തതിനാൽ തകർന്നു കിടക്കുന്ന ഡിവൈഡറിൽ ഇടിച്ചു കയറി വാഹനങ്ങൾ മറിയുകയാണ് പതിവ്. അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറും ബസ് സ്റ്റോപ്പുകളും മൂലം ഇവിടെയുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ സ്കൂൾ അധ്യാപികക്കും ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ജീവൻ നഷ്ടമായത്.
മുൻ നാട്ടിക യു.ഡി.എഫ് പഞ്ചായത്തു ഭരണസമിതിയാണ് ഈ അപകട മുനമ്പ് സ്ഥാപിച്ചത്. അന്ന് അതിനെ എതിർത്ത സി.പി.എം ഭരണം തുടങ്ങി അഞ്ചു കൊല്ലം കഴിയാറായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. ഡിവൈഡറുകൾ പൊളിഞ്ഞു കിടക്കുന്നതിനാലും സീബ്രാ ലൈനുകളില്ലാത്തതിനാലും യാത്രക്കാർ പലയിടത്തായി റോഡു മുറിച്ചു കടക്കുന്നു. ഇതും യാത്രക്കാരെ അപകടത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു.