88 അപകട കുഴികളുമായി പണി തീരാത്ത റോഡ്
text_fieldsതൃപ്രയാർ: തൃപ്രയാറിൽനിന്ന് പഴുവിലേക്കുള്ള റോഡിന്റെ ദൂരം അഞ്ചുകിലോമീറ്റർ. റോഡിലുള്ള അപകടകരമായ കുഴികളുടെ എണ്ണം 88. വാഹനങ്ങൾ കുഴിയിലകപ്പെട്ടതുമൂലം രണ്ടു മരണങ്ങളും ഉണ്ടായി. കുഴിയിൽ ചാടിയ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചതും കുഴിയിൽ ചാടിയ ബസിൽനിന്ന് പുറത്തേക്കു വീണ് യാത്രക്കാരൻ മരിച്ച സംഭവവുമടക്കം രണ്ടു പേരുടെ ജീവനാണ് നഷ്ടമായത്.
അഞ്ചു വർഷം മുമ്പ് ഗുരുവായൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ പൊളിച്ചതാണ്. ഒരു വർഷം മുമ്പ് ഉപരിതലംപോലും നിരപ്പാക്കാതെ ഇതിനു മേൽ ടാറിങ് ചെയ്തെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോൾ മുതൽ റോഡ് തകർന്നു തുടങ്ങി. ഇതിനിടയിൽ ഒരു മാസം മുമ്പ് ജൽജീവൻ മിഷൻ പൈപ്പിടാനും റോഡ് പൊളിച്ചു. മഴക്കാലമായതോടെ കല്ലുകളിളകി കുഴികൾ വലുതാകുകയാണ്. തൃപ്രയാറിൽനിന്ന് തൃശൂരിലേക്കുള്ള പ്രധാന റോഡാണിത്. ശ്രീരാമ ക്ഷേത്രത്തിൽ നാലമ്പല തീർഥാടനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് ഇതു വഴിയുള്ള യാത്ര ഏറെ ശ്രമകരമാണ്.