ചുവപ്പു നാടക്കുരുക്ക് അഴിയുമോ? വീടിനായി മണി കാത്തിരിപ്പ് തുടരുന്നു
text_fieldsമണി ചോർന്നൊലിക്കുന്ന കുടിലിനു മുന്നിൽ
തൃപ്രയാർ: ആറു പതിറ്റാണ്ടിലധികം പഴക്കമുള്ള റവന്യൂ വകുപ്പിന്റെ ചുവപ്പുനാടക്കുരുക്കിൽപ്പെട്ട പട്ടയഭൂമിയിൽ വീട് വെക്കാൻ കഴിയാത്ത വയോധിക ഇപ്പോഴും കഴിയുന്നത് ചോർന്നൊലിക്കുന്ന കുടിലിൽ. നാട്ടിക മോങ്കാടി പരേതനായ വേലായിയുടെ ഭാര്യ മണിക്ക് (70) വീടുവെക്കാൻ സ്വന്തം പേരിൽ സ്ഥലമില്ല.
രണ്ടാം വാർഡിൽ ആരിക്കിരി ഭഗവതി ക്ഷേത്രത്തിനു വടക്കു ഭാഗത്ത് കുടിലിലാണ് താമസം. ഭർത്താവ് വേലായിയുടെ പിതാവ് ചെറുകണ്ടന്റെ പേരിലുള്ള 10 സെന്റ് പട്ടയ ഭൂമിയാണിത്. മറ്റൊരു മകനും ഇവിടെ വീടുവെച്ച് താമസിക്കുന്നുണ്ട്. നിരവധി അവകാശികളുള്ള ഈ ഭൂമി ചെറുകണ്ടൻ മകൻ വേലായി ഭാര്യ മണി മുതൽ പേർ എന്ന പേരിലാണ് നികുതിയടച്ചുപോരുന്നത്.
അതിനാൽ വീടു നിർമിക്കാൻ സർക്കാർ സഹായങ്ങൾക്കൊന്നും അപേക്ഷ നൽകാനാവില്ല. കുരുക്കഴിക്കാൻ റവന്യു വകുപ്പിൽ നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
മണി അസുഖ ബാധിതനായ മകൻ രാജേഷിനും കുടുംബത്തിനുമൊപ്പമാണ് കുടിലിൽ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീടു വെക്കാൻ ശ്രമം നടത്തിയെങ്കിലും മൂന്നു സെൻറു ഭൂമിയെങ്കിലും സ്വന്തമായില്ലാത്തതിനാൽ അതും നടന്നില്ല. ദാനമായി മൂന്ന് സെന്റ് ഭൂമിയെങ്കിലും ലഭിച്ചാൽ വീട് നിർമിക്കാമെന്ന മോഹത്തിൽ പതിറ്റാണ്ടുകളായി മണിയുടെ കാത്തിരിപ്പ് തുടരുകയാണ്.