യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപ്രദു, ആദർശ്
അന്തിക്കാട്: കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വധശ്രമമടക്കം ക്രിമിനൽക്കേസുകളിലെ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് (26), കൂട്ടാളി അന്തിക്കാട് ആറാം കല്ല് സ്വദേശി താച്ചംമ്പിള്ളി വീട്ടിൽ പ്രദു ( 21) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയായിരുന്നു ആക്രമണം.
കണ്ടശ്ശാംകടവ് മാർക്കറ്റിൽ പ്രതികളിലൊരാളുടെ അനുജന്റെ കൈയിൽ കയറി പിടിച്ചതിലുള്ള വൈരാഗ്യത്താലാണ് കണ്ടശ്ശേരി സ്വദേശി മടശ്ശേരി വീട്ടിൽ ജിനോയെ (26) ഇരുവരും ആക്രമിച്ചത്. ആദർശ് അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതടക്കം ഏഴ് ക്രിമിനൽക്കേസിലെ പ്രതിയാണ്. പ്രദു പൊതു സ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലെ പ്രതിയാണ്. അന്തിക്കാട് എസ്.ഐ. അഫ്സൽ, സി.പി.ഒ മാരായ അമൽ, രേഷ്മ, ശ്രീവിദ്യ, ഡ്രൈവർ സി.പി.ഒ അമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


