നെല്ലായി ജങ്ഷനില്‍ ദുരിതം; കണ്ണടച്ച് അധികൃതര്‍
text_fieldsട്രാഫിക് സിഗ്നലോ ഫൂട്ഓവര്‍ ബ്രിഡ്ജോ ഇല്ലാത്ത നെല്ലായി ജങ്ഷന്
കൊടകര: ദേശീയപാതയിലെ നെല്ലായി ജങ്ഷനില്‍ സുരക്ഷിതമായി റോഡുമുറിച്ചുകടക്കാനുള്ള സംവിധാനം വൈകുന്നു. അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന ഇവിടെ ട്രാഫിക് സിഗ്നല്‍ സംവിധാനമോ ഫുട്ഓവര്‍ ബ്രിഡ്ജോ സ്ഥാപിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല.
ദേശീയപാത നാലുവരിപാതയാക്കി നവീകരിച്ചതു മുതല്‍ പ്രദേശവാസികള്‍ റോഡു മുറിച്ചുകടക്കുന്നത് ജീവന് പണയം വെച്ചാണ്. ഒട്ടേറെ അപകട മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. നിരന്തരം വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാത മുറിച്ചുകടക്കാന്‍ പ്രായം ചെന്നവരും സ്കൂള്‍ കുട്ടികളുമാണ് ഏറെ വിഷമിക്കുന്നത്. പറപ്പൂക്കര പഞ്ചായത്തിലെ വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലായിയിലാണ് പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാള്‍, നെല്ലായി വില്ലേജ് ഓഫിസ്, നെല്ലായി സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവ. പന്തല്ലൂരിലുള്ള പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗസംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലേക്കും നെല്ലായി ജങ്ഷനിലൂടെ വേണം എത്തിച്ചേരാന്‍.
വയലൂര്, ആലത്തൂര്‍ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് കൊടകര, ചാലക്കുടി ഭാഗങ്ങളിലേക്കു പോകാനായി നെല്ലായി ബസ് സ്റ്റോപ്പിലെത്തണമെങ്കിലും ഇവിടെ ദേശീയപാത മുറിച്ചുകടക്കണം. ദേശീയപാതയുടെ കിഴക്കുള്ളവര്‍ക്ക് പുതുക്കാട്, തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറണമെങ്കിലും ഏറെ പണിപ്പെട്ട് റോഡു മുറിച്ചു കടക്കണം.
ദേശീയപാത നാലുവരി പാതയാക്കിയ ശേഷം നെല്ലായി ജങ്ഷനിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മുപ്പതിലേറെയാണെന്നാണ് അനൗദ്യോഗിക കണക്ക്. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കാല്‍നടക്കാരുടെ സുരക്ഷിതത്വത്തിനും വേണ്ടി ഇവിടെ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയപാത അധികൃതര്‍ അംഗീകരിച്ചില്ല.
ഒരു ഘട്ടത്തില്‍ കാല്‍നടക്കാര്‍ക്കായി ഫുട് ഓവര്‍ ബിഡ്ജ് സ്ഥാപിക്കുന്നുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും നടപ്പായില്ല. വാഹനങ്ങളും കാല്‍നടയാത്രക്കാരും ദേശീയപാത മുറിച്ചുകടക്കുന്ന ജങ്ഷനാണെന്ന് മുന്നറിയിപ്പു നല്കുന്ന ബ്ലിങ്കിങ് ലൈറ്റുകള്‍ മാത്രമാണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്.
പേരാമ്പ്ര, ആമ്പല്ലൂര്‍ തുടങ്ങിയ ജങ്ഷനുകളില്‍ അടിപ്പാത നിര്‍മാണം ആരഭിക്കുകയും മറ്റു പലയിടങ്ങളിലും അടിപ്പാതകള്‍ പരിഗണിക്കപ്പെടുകയും ചെയ്തിട്ടും നെല്ലായിയിലെ ദുരിതം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്.
കുറഞ്ഞത് ട്രാഫിക് സിഗ്നല്‍ സംവിധാനമോ ഫുട് ഓവര്‍ ബ്രിഡ്ജോ ഇവിടെ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.