ചേറ്റുവ അംബേദ്കർ വഴിയോര വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു
text_fieldsഅടച്ചുപൂട്ടിയ ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രം കാടുകയറിയ നിലയിൽ
വാടാനപ്പള്ളി: പ്രകൃതി രമണീയമായ ചേറ്റുവ പുഴയോരത്ത് ലാറി ബേക്കർ രൂപകൽപന ചെയ്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ജില്ല ടൂറിസം പ്രമോഷന്റെ കീഴിലുള്ള ചേറ്റുവ അംബേദ്കർ വഴിയോര വിശ്രമ കേന്ദ്രം അധികൃതരുടെ അനാസ്ഥമൂലം കാടുകയറി നശിക്കുന്നു.
പട്ടികജാതി യുവതി-യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം വെച്ചാണ് ടൂറിസ്റ്റുകളെ ആകർഷിക്കും വിധം ചേറ്റുവ പുഴയോരത്ത് ദേശീയപാതക്ക് സമീപം വിശ്രമ കേന്ദ്രം നിർമിച്ചത്.
കേന്ദ്രം നടത്താനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി അഭിമുഖം നടത്തി 11 പട്ടികജാതി യുവാക്കളെ തെരഞ്ഞെടുത്തിരുന്നു. ഇവർക്ക് സർക്കാർ ചെലവിൽ ഹോട്ടൽ മാനേജ്മെന്റ് പഠനവും സ്റ്റാർ ഹോട്ടലിൽ പരിശീലനവും നൽകി. 1997 ഏപ്രിൽ മാസത്തിൽ കൊട്ടിഘോഷിച്ച് അന്നത്തെ ടൂറിസം മന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
കേന്ദ്രത്തിൽ ഭക്ഷണശാലയും പിന്നീട് അയ്യപ്പഭക്തർക്കായി ഭോജന ശാലയും നിർമിച്ചു. കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്കും ടൂറിസ്റ്റുകൾക്ക് പുഴയോരം ചുറ്റി കാണാൻ ബോട്ട് സർവിസും ആരംഭിച്ചിരുന്നു. കെ.ടി.ഡി.സിയിലെ ഉദ്യാഗസ്ഥൻ ഡെപ്യൂട്ടേഷനിൽ മാനേജർ ആയിട്ടാണ് ആദ്യ ഘട്ടം പ്രവർത്തനം. ലാഭകരമായിരുന്നു തുടക്കത്തിൽ പ്രവർത്തനം. പിന്നീട് റിട്ട. തഹസിൽദാരുടെ കീഴിൽ പ്രവർത്തിച്ചു. ബിയർ പാർലറും തുടങ്ങി.
ലാഭകരമായി പ്രവർത്തിച്ചു ഫവന്ന കേന്ദ്രത്തിന്റെ ചുമതല പിന്നീട് സ്വകാര്യ വ്യക്തികൾക്ക് 11 മാസ കാലത്തിന് നൽകുകയായിരുന്നു. പട്ടിക ജാതി തൊഴിലാളികളെ പിരിച്ചുവിട്ടായിരുന്നു സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ കേന്ദ്രം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
വൈദ്യുതി ബില്ല് പോലും അടക്കാതെ കുടിശ്ശിക വരുത്തി സ്വകാര്യ വ്യക്തി കേന്ദ്രം പൂട്ടി സ്ഥലം വിട്ടു. പിന്നീട് മറ്റൊരു വ്യക്തിക്ക് ചുമതല നൽകിയെങ്കിലും അവരും ഇടക്ക് വെച്ച് നിർത്തി. ഇതോടെ ഫൈബർ ബോട്ട് തൃപ്രയാറിലേക്ക് കൊണ്ടുപോയി. ലക്ഷങ്ങൾ വിലവരുന്ന ആ ബോട്ട് പുഴയിൽ കിടന്ന് മുങ്ങി നശിച്ചു.
സ്വകാര്യ വ്യക്തികൾക്ക് നൽകിയതോടെ പൂട്ടിയ കേന്ദ്രത്തിന്റെ ചുമതല പട്ടികജാതി യുവാക്കളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും വിട്ടുകൊടുക്കാൻ ഡി.ടി.പി സി തയാറായില്ല. പട്ടികജാതി യുവാക്കളുടെ തൊഴിൽ ലക്ഷ്യം വെച്ച് നിർമിച്ചിട്ടും ഇവർക്ക് നൽകാൻ ബന്ധപ്പെട്ടവർ തയാറല്ല. ഇവരുടെ തൊഴിലും നഷ്ടപ്പെട്ടു. കേന്ദ്രം ഇപ്പോൾ കാടുകയറി ഇഴജന്തുക്കളും തെരുവ് നായ്ക്കളും സാമൂഹിക വിരുദ്ധരും താവളമാക്കിയിരിക്കുകയാണ്.
വഴിയോര വിശ്രമ കേന്ദ്രം പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി അംഗവും മുൻ ഗ്രാമപഞ്ചായത്തംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.