കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള് നിർമാണം അടുത്ത ആഴ്ച തുടങ്ങും
text_fieldsവാടാനപ്പള്ളിയിൽ കടല്‍ക്ഷോഭമുണ്ടായ സ്ഥലം കലക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിക്കുന്നു
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ കള്ളക്കടല്‍ പ്രതിഭാസം മൂലം തീരശോഷണവും നാശനഷ്ടങ്ങളും ഉണ്ടായ ഭാഗങ്ങളിൽ കലക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദർശനം നടത്തി. വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വാർഡ് അംഗങ്ങൾ എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം. മടങ്ങിയ ശേഷം കടല്‍ഭിത്തി നിർമാണം, കുടിവെള്ളക്ഷാമം, വൈദ്യുതി വിതരണ തടസ്സം എന്നീ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാൻ കലക്ടറുടെ ചേംബറില്‍ യോഗം ചേരുകയും ചെയ്തു.
വാടാനപ്പള്ളി ഒന്നാം വാര്‍ഡിലെ തീരശോഷണത്തിനുള്ള താല്‍ക്കാലിക പരിഹാരമായി ഭരണാനുമതി ലഭിച്ച 35 ലക്ഷം രൂപയുടെ റബിള്‍ മൗണ്ട് വാള് നിർമാണ പ്രവൃത്തികള്‍ അടുത്ത ആഴ്ച തുടങ്ങാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിർദേശം നല്കി. 18ാം വാര്‍ഡിലെ തീരദേശ സംരക്ഷണത്തിനായി 40 ലക്ഷം രൂപയുടെ താല്‍ക്കാലിക കടല്‍ഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിർദേശം നല്കി.
വാര്‍ഡ് 18ല്‍ 450 മീറ്റര്‍ കടല്‍ഭിത്തി നിർമാണത്തിന് 6.31 കോടി രൂപയുടെ പ്രപ്പോസല്‍ ജലസേചന വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നല്‍കിയിട്ടുണ്ടന്ന് ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. പ്രപ്പോസലിന് അനുമതി ലഭിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഒന്ന്, 17, 18 വാര്‍ഡുകള്‍ തീരദേശം ഹോട്ട്സ് സ്പോട്ടായി പ്രഖ്യാപിക്കാനായി സര്‍ക്കാറിന് സമര്‍പ്പിച്ച പ്രപ്പോസലിലും തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിർദേശം നല്കി.
പതിനെട്ടാം വാര്‍ഡിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി പുതിയ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ യോഗത്തില്‍ അറിയിച്ചു. പതിനേഴാം വാര്‍ഡിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികളും വേഗത്തിലാക്കണം. ഈ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം പരിഹരിക്കാനായി കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. പ്രവൃത്തികള്‍ ഏകോപിപ്പിക്കാനായി സബ് കലക്ടറെ ചുമതലപ്പെടുത്തി.
യോഗത്തില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, സബ് കലക്ടര്‍ അഖില്‍ വി. മേനോന്, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ. ശാന്തകുമാരി, അഡീഷണല്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എൻജിനീയര്‍ ബിജു പി. വർഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അബ്ദുൽ മജീദ്, ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കെ.സി. ലളിത, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജെ.എസ്. ബിനോയ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.