വാടാനപ്പള്ളിയിൽ പാചക വാതക സിലിണ്ടർ എത്തിത്തുടങ്ങി
text_fieldsവാടാനപ്പള്ളി: ബുക്ക് ചെയ്ത് മൂന്നാഴ്ചകൾക്ക് ശേഷം വാടാനപ്പള്ളി മേഖലയിലുള്ളവർക്ക് ഏജൻസി മാറി പാചക വാതക സിലിണ്ടർ വീടുകളിൽ എത്തിത്തുടങ്ങി. സിലിണ്ടർ ലഭിക്കാൻ പ്രയാസം നേരിട്ടതോടെ പരാതി പ്രകാരം ബന്ധപ്പെട്ടവർ ഇടപെട്ടാണ് കാഞ്ഞാണി കൊട്ടാരത്ത് ഏജൻസി വഴി സിലിണ്ടർ വിതരണം ആരംഭിച്ചത്. തളിക്കുളത്തെ ഗ്യാസ് ഏജൻസിയിൽ ബുക്ക് ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും പാചക വാതക സിലിണ്ടർ ലഭിക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതായും പരാതി ഉയർന്നിരുന്നു.
വീടുകളിലെ പാചക വാതകം കഴിഞ്ഞതോടെ ബുക്ക് ചെയ്തവർക്ക് നാലു ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചത്. ഇതുപ്രകാരം കാത്തിരുന്നവർക്ക് 24 ദിവസത്തിലധികം കഴിഞ്ഞിട്ടും സിലിണ്ടർ ലഭിച്ചില്ല. വിളിച്ച് അന്വേഷിച്ചാൽ ലോറി സമരമാണെന്നാണ് ഏജൻസിയിൽ നിന്ന് ലഭിക്കുന്ന മറുപടി.
എന്നാൽ കാഞ്ഞാണി മേഖലയിലെ ഗ്യാസ് ഏജൻസിയിൽ ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും ബുക്ക് ചെയ്ത അന്നോ പിറ്റേ ദിവസമോ സിലിണ്ടർ വീടുകളിൽ എത്തുന്നുണ്ട്. ഇതോടെയാണ് പരാതിയുമായി കുടുംബങ്ങൾ രംഗത്തുവന്നത്. ‘മാധ്യമം’ വാർത്തയും നൽകിയിരുന്നു. വാർത്തക്ക് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ ഏജൻസി മാറി പാചക വാതക സിലിണ്ടർ വീടുകളിൽ എത്തിയത്.