ചേറ്റുവ പാലത്തിൽ വൻ കുഴികൾ; യാത്രക്കാർക്ക് ഭീഷണി
text_fieldsവാടാനപ്പള്ളി: ചേറ്റുവ പാലത്തിലെ വൻ കുഴികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പലതവണ അപകടങ്ങൾ ഉണ്ടായിട്ടും ദേശീയപാത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പാലത്തിൽ ചെറുതും വലുതുമായി 20 ലധികം കുഴികളുണ്ട്. പാലത്തിലേക്ക് കയറുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളുണ്ട്. കുഴിയായി കിടക്കുന്ന ഭാഗത്ത് ഇരുമ്പ് കമ്പികൾ പുറത്തായി നിൽക്കുന്ന നിലയിലാണ്.
ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾ പാലത്തിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പാലത്തിലെ കുഴികൾ അടച്ചത് അശാസ്ത്രീയ രീതിയിലായതിനാലാണ് വീണ്ടും കുഴികൾ രൂപപ്പെടുന്നത്.
ചേറ്റുവ പാലത്തിനോടുള്ള അവഗണന അധികൃതർ അവസാനിപ്പിക്കണമെന്നും വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും കുഴികൾ അടിയന്തരമായി അടച്ച് സുരക്ഷ ഉറപ്പാക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. അവഗണന തുടർന്നാൽ ഹൈകോടതിയെ സമീപിക്കുമെന്നും ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.