വാർഡ് ഏതുമാകട്ടെ; ഇത് ‘വിജയ’ പ്രസാദ്
text_fieldsവാടാനപ്പള്ളി: വാർഡുകൾ മാറി മത്സരിക്കുമ്പോഴും തിളക്കമാർന്ന വിജയശിൽപിയാണ് കെ.സി. പ്രസാദ്. വാർഡ് അംഗമായിരുന്ന പിതാവിനെ പിന്തുടർന്ന മകൻ വാർഡ് അംഗവും ബ്ലോക്ക് പ്രസിഡന്റുമായി. മുൻ വാടാനപ്പള്ളി പഞ്ചായത്തംഗം കടവത്ത് ചെറുകണ്ടക്കുട്ടിയുടെ മകൻ കെ.സി. പ്രസാദാണ് മൂന്ന് തവണ വ്യത്യസ്ത വാർഡുകളിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ചത്. നിലവിൽ തളിക്കുളം ബ്ലോക്ക് പ്രസിഡന്റാണ്.
വഞ്ചിയിൽ പോയി കനോലി പുഴയിൽനിന്ന് ചേറ് കുത്തിയും ഓട്ടോ ഓടിച്ചും കുടുംബം പോറ്റിയിരുന്ന പ്രസാദിനെ 2000 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം വാടാനപ്പള്ളി പഞ്ചായത്തിലെ ഇപ്പോഴത്തെ 13ാം വാർഡും അന്നത്തെ പട്ടികജാതി സംവരണ വാർഡുമായ ഏഴാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിച്ചു.
പിതാവ് പഞ്ചായത്ത് അംഗമായിരുന്ന ഘട്ടത്തിൽ നന്നേ ചെറുപ്പമായിരുന്ന പ്രസാദ് പിതാവിന്റെ പാർട്ടി പ്രവർത്തന ശൈലി നോക്കി കണ്ടറിഞ്ഞതോടെ പ്രവർത്തനം എളുപ്പമായി. ഇതേ പ്രവർത്തനത്തിലൂടെ വാർഡിൽ മികച്ച വിജയം കൈവരിച്ചു. പിതാവ് വിജയിച്ച നിലവിലെ നടുവിൽക്കര 11ാം വാർഡിൽ 2005ൽ വീണ്ടും പ്രസാദിനെ പാർട്ടി മത്സരിപ്പിച്ചു. ഇവിടെയും വിജയം നേടി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമാക്കി.
പാർട്ടിയിലും ചുവടുവെച്ച പ്രസാദിനെ 2009ൽ സി.പി.എം വാടാനപ്പള്ളി ലോക്കൽ സെക്രട്ടറിയാക്കി. തുടർച്ചയായി ഒമ്പത് വർഷമാണ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ലോക്കൽ സെക്രട്ടറിയായിരുന്നതോടെ 2010ലും 2015 ലും മത്സര രംഗത്ത് ഉണ്ടായില്ല. ഒമ്പത് വർഷത്തിന് ശേഷം ലോക്കൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ 2020ൽ പ്രസാദിനെ ബ്ലോക്ക് പഞ്ചായത്ത് വാടാനപ്പള്ളി ഡിവിഷൻ സംവരണ സീറ്റിലേക്ക് പാർട്ടി മത്സരിപ്പിച്ചു. ഇവിടെയും പ്രസാദ് വൻ വിജയം നേടി.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗമായിരുന്നിട്ടും പട്ടികജാതിയിൽപെട്ട പ്രസാദിനെ തളിക്കുളം ബ്ലോക്ക് പ്രസിഡന്റാക്കുകയായിരുന്നു. ഈ അഞ്ചു വർഷക്കാലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് പ്രസാദ് പറയുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ നാലാം തവണ മത്സര രംഗത്ത് ഇറങ്ങിയാലും വിജയം കൈവിടില്ല.
ബോഡി ബിൽഡിങ് മത്സരത്തിൽ സംസ്ഥാന ചാമ്പ്യൻപട്ടം വരെ നേടിയിട്ടുള്ള പ്രസാദ് ജലോത്സവങ്ങളിൽ ഇരുട്ടുകുത്തി ചുരുളൻ വള്ളത്തിൽ തുഴച്ചിൽകാരനായിരുന്നു. അധ്യാപികയായ ബിന്ദുവാണ് ഭാര്യ. പി.ജി വിദ്യാർഥി ആദിത്യ പ്രസാദാണ് മകൻ.


