മരണ വളവിൽ സിഗ്നൽ ലൈറ്റ് ആയില്ല
text_fieldsവാടാനപ്പള്ളി: സെന്ററിന് വടക്ക് മരണ വളവിൽ അപകടങ്ങൾ വർധിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ നടപടിയില്ല. ഈ ഭാഗത്ത് അപകടം പെരുകിയതോടെയാണ് മരണ വളവ് എന്നറിയപ്പെടാൻ തുടങ്ങിയത്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് മേഖലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നശിച്ചു. ഇതോടെ വീണ്ടും അപകടം വർധിച്ചു.
വളവിൽ പൊന്തക്കാടുകൾ നിറഞ്ഞതോടെയാണ് അപകടം കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് അപകടമാണ് നടന്നത്. രണ്ടര വയസുള്ള കുട്ടി മരിച്ചിരുന്നു.
മാലിന്യവും മണ്ണും കുറ്റിക്കാടും പുല്ലും നിറഞ്ഞ് ജനങ്ങൾക്ക് യാത്ര ഭീഷണി സൃഷ്ടിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
ശുചീകരണ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
വാടാനപ്പള്ളി: സെന്ററിന് വടക്ക് മരണ വളവിലെ പൊന്തക്കാട് വെട്ടിമാറ്റിയും റോഡിന്റെ ഇരുവശവും വൃത്തിയാക്കിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. അപകടങ്ങൾ പെരുകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ശുചീകരണ സമരം.
യൂത്ത് കോൺഗ്രസ് നേതാക്കളായ നാസിം എ. നാസർ, റിനാസ് മങ്ങാടൻ, റിൻഷാദ്, ഫാസിൽ, നബിൽ, ഉജൽ, എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ദീപൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് അഡ്വ. എം.എ. മുസ്തഫ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ ശിവ പ്രസാദ്, പി.എം. അഹമ്മദുണ്ണി, കെ.വി. സിജിത്ത് എന്നിവരും പങ്കെടുത്തു.