തൃശൂർ പൂരം വെടിക്കെട്ട്: ജില്ല ഭരണകൂടം നിയമോപദേശം തേടും
text_fieldsതൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതിക്കായി ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടും. തിരുവമ്പാടി, പാറമേക്കാവ് വേലകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചാൽ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാകുമോ എന്ന ഉപദേശമാണ് തേടുന്നത്.
വെടിക്കെട്ടും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നും അതിൽനിന്ന് 100 മീറ്റർ അകലെയാണ് കാഴ്ചക്കാരെ നിർത്തേണ്ടതെന്നുമാണ് കേന്ദ്ര നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിച്ചാൽ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാവില്ല. നിയമം പാലിച്ച് വെടിക്കെട്ട് നടത്തിയാൽ സ്വരാജ് റൗണ്ടിൽനിന്നുപോലും വെടിക്കെട്ട് കാണാനുമാകില്ല.
വെടിക്കെട്ട് സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന പുര കാലിയാകണമെന്നാണ് നിർദേശിച്ചിരുന്നത്. ഇത് പൂരം വെടിക്കെട്ടിനും ബാധകമാക്കാൻ കഴിഞ്ഞാൽ വെടിക്കെട്ടും പുരയും ഫയർ ലൈനും തമ്മിലുള്ള തമ്മിലുള്ള അകലം അപ്രസക്തമാകും. വെടിക്കെട്ട് സമയത്ത് പുര കാലിയാക്കി വെടിക്കെട്ടിന് അനുമതി നൽകണമെന്ന് ജില്ല ഭരണകൂടം വിളിച്ചുചേർത്ത ആലോചന യോഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. നിയമപ്രകാരം ഇത് സാധ്യമാണോ എന്ന ഉപദേശമാണ് ജില്ല ഭരണകൂടം തേടുന്നത്.