തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാത; വികസനം കടലാസിൽ തന്നെ
text_fieldsവീതികുറഞ്ഞ കണ്ടശ്ശാംകടവിൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽപെട്ടപ്പോൾ
വാടാനപ്പള്ളി: വീതി കുറഞ്ഞ തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയുടെ വികസനം കടലാസിൽ തന്നെ. ഗതാഗതക്കുരുക്കിൽ പെട്ട് യാത്രക്കാരും വാഹനങ്ങളും ശ്വാസം മുട്ടുകയാണ്. റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഒമ്പതര വർഷം മുമ്പ് ഒളരിയിൽ വെച്ച് കൊട്ടിയാഘോഷിച്ച് നടത്തിയെങ്കിലും വികസനം നടന്നില്ല.
വീതി കുറഞ്ഞ റോഡ് വീതി കൂട്ടി വികസിപ്പിക്കാൻ 25 വർഷം മുമ്പേ മുറവിളി ആരംഭിച്ചിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് അടക്കമുള്ള നേതാക്കൾ സംഘടിച്ച് റോഡ് വികസനം ലക്ഷ്യം വെച്ച് ആക്ഷൻ കൗൺസിലും രൂപവത്കരിച്ചിരുന്നു. ഡി.സി.സി മുൻ പ്രസിഡന്റും എം.എൽ.എയും വരെ ഉൾപ്പെട്ട ആക്ഷൻ കൗൺസിൽ രാഷ്ട്രീയം നോക്കാതെ സമര മുഖത്ത് നിന്ന് ധർണയും മനുഷ്യ ച്ചങ്ങലയും നടത്തിയിരുന്നു. കാഞ്ഞാണിയിലായിരുന്നു സമരം ശക്തമായിരുന്നത്. പി.എ. മാധവൻ എം.എൽ.എയായിരുന്നപ്പോൾ റോഡ് വികസനത്തിന് സർക്കാർ അനുമതി ലഭിച്ചെന്ന് വാടാനപ്പള്ളിയിൽ വാർത്തസമ്മേളനം വരെ നടത്തിയിരുന്നു.
പിന്നീട് ഉദ്യോഗസ്ഥർക്കൊപ്പം നേതാക്കളും പൊതുപ്രവർത്തകരും ചേർന്ന് തൃശൂർ മുതൽ വാടാനപ്പളളി സെന്റർ വരെ റോഡിന്റെ ഇരുവശവും അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കലാവധി കഴിയുന്നതിന് തൊട്ടു മുമ്പ് റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്.
പിന്നീട് ഭരണം മാറി. ഒമ്പതര വർഷം കഴിഞ്ഞിട്ടും റോഡ് വീതി കൂട്ടൽ നടപ്പായില്ല. അരിമ്പൂർ മുതൽ വാടാനപ്പള്ളി വരെ റോഡിന്റെ വീതി കുറവ് കാരണം ഗതാഗതക്കുരുക്ക് പതിവാണ്. കാഞ്ഞാണി സെന്ററിലും കണ്ടശ്ശാംകടവിലും രണ്ട് ബസുകൾക്കും വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ പ്രയാസമാണ്. കുരുക്ക് കാരണം വാഹന യാത്രക്കാർ ഒരു മണിക്കൂറിലധികം എടുത്താണ് വാടാനപ്പള്ളിയിൽ നിന്ന് തൃശൂരിലെത്തുന്നത്. ആംബുലൻസ് വരെ ഗതാഗത കുരുക്കിൽപെട്ടിരുന്നു. വാഹനങ്ങൾ വർധിച്ചിട്ടും റോഡിന്റെ വികസനം മാത്രം നടപ്പാകുന്നില്ല. കുരുക്ക് കഴിഞ്ഞാൽ ബസുകളുടെ മരണപ്പാച്ചിലുമാണ്.
റോഡ് വികസനത്തിനായി സമരങ്ങൾക്ക് നേതൃത്വം നൽകിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിശ്ചലമാണ്. തീരദേശ നാലുവരിപാത തുറക്കുന്നതോടെ തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിലും തിരക്കേറും. വാടാനപ്പള്ളി മുതൽ എറവ് വരെയെങ്കിലും റോഡ് വീതി കൂട്ടേണ്ട അവസ്ഥയാണ്. അതിനായി ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നാണ് യാത്രക്കാർ പറയുന്നത്.