തദ്ദേശ തെരഞ്ഞെടുപ്പ്; വരന്തരപ്പിള്ളി വാഴാൻ വീറുറ്റ പോര്
text_fieldsആമ്പല്ലൂര്‍: വരന്തരപ്പിളളിയുടെ മനമറിയാന്‍ 79 സ്ഥാനാര്‍ഥികള്‍ കളത്തില്‍. ഇവരില്‍ 42 പേര്‍ വനിതകളാണ്. പട്ടികജാതി വനിതക്കാണ് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. മൊത്തം ഇരുപത്തിനാല് വാര്‍ഡുകളിലും മത്സരം കനത്തതാണ്.
20 വാര്‍ഡില്‍ കോണ്‍ഗ്രസ് കൈ ചിഹ്നത്തില്‍ മത്സരിക്കുന്നു. പതിമൂന്ന്, പതിനഞ്ച് വാര്‍ഡുകളില്‍ സ്വതന്ത്രരെയാണ് യു.ഡി.എഫ് പരീക്ഷിക്കുന്നത്. മുസ്‍ലിം ലീഗ് രണ്ട് വാര്‍ഡുകളില്‍ മത്സരരംഗത്തുണ്ട്.
വാര്‍ഡ് ഏഴ് പുലിക്കണ്ണിയില്‍ എം.എ. അബ്ദുല്‍മജീദും എട്ട് പാലപ്പിള്ളിയില്‍ സതി രവിയുമാണ് ലീഗിനായി ജനവിധിതേടുന്നത്. ഏഴില്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ഭീഷണിയായി നിലവിലെ പഞ്ചായത്ത് അംഗം സുഹറ മജീദ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ലീഗ് സീറ്റില്‍ മത്സരിച്ച സുഹറ യു.ഡി.എഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഐക്യമുന്നണിയുടെ പിന്തുണയില്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നാല് വാര്‍ഡില്‍ പി.ഡി.പിയും ഒരു വാര്‍ഡില്‍ എസ്.ഡി.പി.ഐയും ഒരു വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ജനവിധി തേടുന്നു.
എല്‍.ഡി.എഫില്‍ പതിനേഴ് സീറ്റില്‍ സി.പി.എമ്മും ആറിടത്ത് സി.പി.ഐയും ഒരു വാര്‍ഡില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസും മത്സരിക്കുന്നു. നിലവില്‍ പഞ്ചായത്ത് അംഗമായ റോസിലി തോമസിന് രണ്ടാംമൂഴം നല്‍കിയാണ് കേരള കോണ്‍ഗ്രസ് വാര്‍ഡ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.
ബി.ജെ.പി ഇരുപത്തിയൊന്ന് വാര്‍ഡുകളില്‍ താമര അടയാളത്തില്‍ മത്സരിക്കുന്നു. രണ്ടിടത്ത് എന്‍.ഡി.എ സ്വതന്ത്രരാണ് ജനവിധിതേടുന്നത്. വാര്‍ഡ് എട്ട് പാലപ്പിള്ളിയില്‍ ബി.ജെ.പി, എന്‍.ഡി.എ സഖ്യത്തിന് സ്ഥാനാര്‍ഥിയില്ല. ഇവിടെ സി.പി.ഐയിലെ ഷബീറ ഹുസൈനും ലീഗിലെ സതി രവിയും നേരിട്ടുള്ള പോരാട്ടമാണ്.


