വർണാഭം, അഞ്ഞൂർ പാർക്കാടി ഉത്സവം
text_fieldsഅഞ്ഞൂർ പാർക്കാടി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നള്ളിപ്പ്
കുന്നംകുളം: അഞ്ഞൂർ പാർക്കാടി ക്ഷേത്ര ഉത്സവം വർണാഭമായി. ഞായറാഴ്ച രാവിലെ വിശേഷ പൂജകൾക്ക് ക്ഷേത്രം ഊരാളന്മാരായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
വൈകീട്ട് മൂന്നോടെ നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവി തിടമ്പേറ്റി. പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നടന്ന നടപ്പുര പഞ്ചാരിമേളം എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. അഞ്ചോടെ ദേശ കമ്മിറ്റികളുടെ പൂരാഘോഷങ്ങൾ പാർക്കാടി പാടത്ത് അണിനിരന്നു.
ആറോടെ 35 ഗജവീരന്മാരെ അണിനിരത്തി പാണ്ടിമേളത്തോടുകൂടി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. ഇതേസമയം വടക്കൻ വാതിക്കൽ കാവടി, തെയ്യം, തിറ, പൂതൻ, കരിങ്കാളി എന്നീ നാടൻ കലാരൂപങ്ങളുടെ വേല വരവും നടന്നു. വൈകീട്ട് നടക്കൽ പറ, ദീപാരാധന എന്നിവയോടെ പകൽപൂരം സമാപിച്ചു. രാത്രി ഒമ്പതിന് അഞ്ഞൂർക്കുന്ന് ബാലസംഘം ആഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേക് പ്രമാണം വഹിക്കുന്ന നടപ്പുര മേളവും ഉണ്ടായി. പുലർച്ച രണ്ടോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പും തുടർന്ന് ദേശ പൂരങ്ങളുടെ വരവും നടന്നു. പ്രധാന ചടങ്ങായ പൊങ്ങിലിടിയോടെ തിങ്കളാഴ്ച രാവിലെ പൂരം സമാപിക്കും.
ഉത്സവത്തിനിടെ സംഘർഷം: പൊലീസ് ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
കുന്നംകുളം: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ പൊലീസും പൂരാഘോഷ കമ്മിറ്റി പ്രവർത്തകരും തമ്മിൽ സംഘ ർഷം. പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. അഞ്ഞൂർപാലം സ്വദേശികളായ വിനോദ്, സുനേഷ് എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ഞൂർപാലം പൂരാഘോഷ കമ്മിറ്റിയിലുള്ളവർക്കാണ് പരിക്കേറ്റത്. പൂരം എഴുന്നള്ളിച്ച് പാർക്കാടി ക്ഷേത്രത്തിലേക്ക് വരുമ്പോൾ കമ്പനിപടിയിൽ വെച്ചാണ് സംഘർഷം അരങ്ങേറിയത്.
പൂരം കൊണ്ടുവരുന്നതിനിടെ അംഗങ്ങളുടെ നേർക്ക് അകാരണമായി പൊലീസ് പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തി.