ലാലൂർ മാലിന്യ നിർമാർജനം; അടിമുടി നിയമ ലംഘനമെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ: ലാലൂർ ലെഗസി വേസ്റ്റ് ബയോമൈനിങ് പദ്ധതിയിൽ ബയോമൈനിങ് പ്രവർത്തിക്ക് കോർപറേഷൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശങ്ങൾ പാലിച്ചല്ല പ്രവർത്തനം നടത്തിയതെന്ന് റിപ്പോർട്ട്. മാർഗരേഖ നിഷ്കർഷിക്കുന്ന ലീച്ചാറ്റ് ശുദ്ധീകരണ സംവിധാനം ഇവിടെ സ്ഥാപിച്ചിട്ടില്ല.
മാർഗരേഖ അനുശാസിക്കുന്ന ബയോമൈനിങ് ചെയ്തുണ്ടായ മാലിന്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനം (ആർ.ഡി.എഫ്) എത്ര അളവിൽ എങ്ങനെ നിർമാർജനം ചെയ്തു എന്നതിനും കണക്കില്ല. അഞ്ച് മുതൽ 10 ശതമാനം വരെ വരുന്ന അന്തിമമായി പുറന്തള്ളുന്നത് കൃത്യമായി സാനിറ്ററി ലാൻഡ്ഫിൽ നിർമാർജനം ചെയ്തു എന്ന് കോർപ്പറേഷൻ ഉറപ്പാക്കിയിട്ടില്ല.
ബയോമൈനിങ് പ്രവൃത്തിയിലൂടെ ഉണ്ടാകുന്ന വിവിധയിനം മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യണം എന്നത് കരാറിൽ പരാമർശം ഇല്ല. ബയോമൈനിങ് പ്രവൃത്തിക്ക് സംസ്ഥാന മലിനീകരണ ബോർഡിൽനിന്ന് പ്രവർത്തനത്തിന് അനുമതി ലഭിച്ചിരുന്നില്ല. ബയോമൈനിങ് പ്രവൃത്തി കരാർ പ്രകാരമാണോ നടപ്പാക്കുന്നതെന്ന് പരിശോധിക്കാനും നിരീക്ഷിക്കാനും സർക്കാർ മാർഗരേഖ പ്രകാരമുള്ള മേൽനോട്ട കമ്മിറ്റി കോർപ്പറേഷൻ രൂപീകരിച്ചിരുന്നില്ല. അതിനാൽ മേൽനോട്ട പ്രവർത്തനങ്ങൾ കടലാസിൽ ഒതുങ്ങി.
2021ലെ സർക്കാർ ഉത്തരവ് പ്രകാരം ജി.പി.എസ് സംഘടിപ്പിച്ച വാഹനങ്ങളിൽ മാത്രമാണ് ബയോമൈനിങ് ചെയ്ത എല്ലാ വിധ മാലിന്യവും നീക്കം ചെയ്യേണ്ടത്. ഈ ഉത്തരവ് പ്രകാരമാണ് പ്രവർത്തനമെന്ന് കോർപ്പറേഷൻ ഉറപ്പാക്കിയിട്ടില്ല. ബയോമൈനിങ് സൈറ്റിൽ മോണിറ്റർ ചെയ്യുന്നതിന്നു സി.സി.ടി.വി സംവിധാനമോ അഗ്നി സുരക്ഷ സംവിധാനമോ ഒരുക്കിയിട്ടില്ല.
ബയോമൈനിങ് പ്രവൃത്തി ടെൻഡർ ചെയ്യാനായി മാർഗരേഖ അനുശാസിക്കുന്ന സ്കോപ് ഓഫ് വർക്ക് ഉൾപ്പെട്ട നിർദേശങ്ങൾ പാലിച്ചിട്ടില്ല. ഇത് മൂലം ലഭിച്ച രണ്ടു ടെൻഡറിൽ ഒന്നു ശുചിത്വ മിഷൻ നൽകിയ അടിസ്ഥാന റേറ്റ് താരതമ്യം ചെയ്യുമ്പോൾ 10 ഇരട്ടി കൂടുതലാണ്.
അതിനാൽ, നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ലെഗസി മാലിന്യങ്ങളും പരിസ്ഥിതി സൗഹാർദമായി ബയോമൈനിങ് പ്രവൃത്തി നടത്തിയെന്നും ഇതിലൂടെ ഉണ്ടായ വിവിധ തരം മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നുവെന്നും ഇതിലൂടെയുണ്ടായ വിവിധതരം മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്തുവെന്ന് ഉറപ്പാക്കാൻ സാധിച്ചില്ലെന്നുമാണ് പരിശോധനയിലെ കണ്ടെത്തൽ.


