നൂറുമേനി വിളവ് ലഭിച്ചിട്ടും നെൽകർഷകർ ദുരിതത്തിൽ
text_fieldsപാടശേഖരങ്ങളിൽ വിളവെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു
വടക്കാഞ്ചേരി: നെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചിട്ടും കർഷകർ ദുരിതത്തിൽ. തലപ്പിള്ളി താലൂക്കിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കർഷകർ. അധികൃതരെ അറിയിച്ചിട്ടും കർഷകരെ വെല്ലുവിളിക്കുന്ന അധികൃത നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
തലപ്പിള്ളി താലൂക്കിലെ മുണ്ടകൻ പാടങ്ങളിൽ ഇത്തവണ നല്ല വിളവ് കർഷകർക്ക് ലഭിച്ചു. ഏക്കറിന് രണ്ട് ടൺ നെല്ല് മാത്രമേ സംഭരിക്കാൻ കഴിയുവെന്ന് കൃഷി വകുപ്പും സിവിൽ സൈപ്ല കോർപറേഷനും അറിയിച്ചതോടെ കൂടുതൽ വിളവ് ലഭിച്ച കർഷകർ നെല്ല് എന്ത് ചെയ്യും എന്നറിയാതെ പ്രതിസന്ധിയിലാണ്. സ്വർണം പണയം വെച്ചുബാങ്കിൽനിന്ന് കടംവായ്പ ആയിട്ടാണ് ഓരോ കർഷകരും കൃഷി ഇറക്കിയിരിക്കുന്നത്.
ഇതിൽനിന്ന് കിട്ടുന്ന പൈസ കൊടുത്തിട്ട് വേണം ബാങ്കിലെ കടങ്ങൾ വീട്ടാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇവർ ഈ സംരംഭത്തിന് മുതിർന്നത്. ഇതിനെ തുടർന്ന് പാടശേഖരങ്ങളിൽനിന്ന് വിളവെടുത്ത് പാടത്ത് തന്നെ വിളവ് കൂട്ടിയിട്ടിരിക്കുകയാണ്.
എന്നാൽ, വിളവെടുത്തു വന്നപ്പോൾ അധികൃതർ കാലുമാറുന്ന സ്വഭാവമാണ് കണ്ടത്. മറ്റും കോൾ പാടങ്ങളിൽ നാല് ടൺ വരെ നെല്ല് സംഭരിക്കുമ്പോഴാണ് മറ്റ് പാടശേഖരങ്ങളോടുള്ള ഈ വിവേചനം ശരിയല്ലെന്നും അടിയന്തരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് കർഷകർ ഉൽപാദിപ്പിച്ച മുഴുവൻ നെല്ലും സംഭരിക്കാൻ നടപടി സ്വീകരിക്കണം അല്ലാത്തപക്ഷം കർഷകരുടെ ആത്മഹത്യകൾ വരെ പ്രതീക്ഷിക്കാം എന്നാണ് കർഷകർ പറയുന്നത്.
കൃഷിക്കാർക്ക് ഒരു ആവശ്യം വന്നപ്പോൾ പല പാർട്ടിക്കാരും പിന്തിരിയുന്ന സ്വഭാവമാണ് കണ്ടതെന്നും കർഷകർ പരാതി പറയുന്നു. എന്നാൽ, അടിയന്തരമായി കൃഷി വകുപ്പ് മന്ത്രിക്കും ഭക്ഷ്യ സിവിൽ സൈപ്ലസ് മന്ത്രിക്കും പരാതി നൽകിയതായും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ നെല്ല് മുഴുവൻ ജില്ല കൃഷി ഓഫിസിന് മുന്നിൽ ഇട്ട് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ പറഞ്ഞു.


