ആശുപത്രിക്ക് സമീപത്തെ മദ്യവിൽപനശാല മാറ്റണം; ജൂൺ ഒന്നിനകം തീരുമാനമെടുക്കാൻ ഹൈകോടതി
text_fieldsവടക്കാഞ്ചേരി: നഗരത്തിലെ മാക്സ് കെയർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന വിദേശ മദ്യ വിൽപനശാല അടിയന്തരമായി മാറ്റണമെന്ന ആശുപത്രി അധികൃതരുടെ പരാതിയിൽ ജൂൺ ഒന്നിന് മുമ്പായി അന്തിമ തീരുമാനമെടുക്കാൻ ഹൈകോടതി ഉത്തരവിട്ടു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഈ മദ്യവിൽപനശാല ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ഹൈകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിഷയം പരിഗണിച്ച് രണ്ട് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനമെടുക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയത്. വിദേശമദ്യ ഷോപ്പ് ജനവാസ മേഖലയായ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാധാകൃഷ്ണൻ എം.പി, എം.എ.ൽ.എ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർക്ക് പരാതി നൽകിയിരുന്നു.
കോടതി അനുവദിച്ച രണ്ടുമാസ സമയപരിധിക്കുള്ളിൽ വിദേശമദ്യ ഷോപ്പ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാൻ നഗരസഭ തയാറാകാത്ത പക്ഷം ശക്തമായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൈകോടതി ഉത്തരവോടെ വടക്കാഞ്ചേരിയിലെ മദ്യവിൽപനശാല മാറ്റുന്ന കാര്യത്തിൽ ഉടൻ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


