പഴയ ബാലറ്റ് പെട്ടി നിധിപോലെ കാത്ത് സുരേഷ്
text_fieldsവടക്കാഞ്ചേരി: തലമുറകൾ കൈമാറിയ പഴയ ബാലറ്റ് പെട്ടി നിധിപോലെ സൂക്ഷിച്ച് വാഴാനി തൊട്ടിക്കവളപ്പിൽ സുരേഷ്. പിതാവ് വേലുവാണ് വർഷങ്ങൾക്ക് മുമ്പ് ഇത് കൈമാറിയത്. 2001ൽ വേലു മരിച്ചു. ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ച പിതാവിന്റെ ഓർമകളും ‘ജനാധിപത്യത്തിന്റെ ‘ഗന്ധവു’മുള്ള പെട്ടി സുരേഷിന് പ്രിയങ്കരമാണ്.
താൻ ജനിക്കുന്നതിന് മുമ്പ് രൂപം കൊണ്ട അപ്പൂപ്പൻപെട്ടിയാണിതെന്ന് സുരേഷ് ഗൃഹാതുരതയോടെ പറയുന്നു. 1957ൽ പൂർണമായും മരത്തിൽ തീർത്ത ബാലറ്റ് പെട്ടി പുതുതലമുറക്ക് ഏറെ കൗതുകമുണർത്തുന്നതാണ്. ആധുനിക യുഗത്തിൽ ഉള്ളതിനേക്കാൾ എത്ര ശ്രമകരമായിരുന്നു പഴയ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ വോട്ടുപെട്ടി. പെട്ടി നശിക്കാതിരിക്കാൻ ചെറിയ മിനുക്കുപണികൾ നടത്തിയിട്ടുണ്ട്.
പെട്ടിക്കൊപ്പം പിതാവ് പകർന്നുതന്ന പഴയ തെരഞ്ഞെടുപ്പ് ഓർമകളും സുരേഷ് മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പഴമയുടെ കഥകളുമായി വാഴാനിയിലെ വോട്ട് പെട്ടിയും ശ്രദ്ധ നേടുകയാണ്.