വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറിയ അംഗം രാജിവെച്ചു
text_fieldsവടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിക്കുന്ന ജാഫർ
വരവൂർ/ വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത യു.ഡി.എഫ് അംഗം രാജിവെച്ചു. തളി ഡിവിഷനിൽനിന്ന് ജയിച്ച മുസ്‍ലിം ലീഗ് സ്വതന്ത്രൻ ജാഫറാണ് തിങ്കളാഴ്ച ഉച്ചക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ വീതം വിജയിച്ച യു.ഡി.എഫും എൽ.ഡി.എഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ജാഫർ ഇടതുമുന്നണിയിലെ കെ.വി. നഫീസക്ക് വോട്ട് ചെയ്തത്. ഇതോടെ കെ.വി. നഫീസ വിജയിച്ചു.
വരവൂർ പഞ്ചായത്തിലെ വാർഡുകളെ കൂടാതെ എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡും ഈ ഡിവിഷനിൽ ഉൾപ്പെട്ടിരുന്നു. മൂന്നാം വാർഡിൽനിന്ന് ജയിച്ച കോൺഗ്രസ് പഞ്ചായത്ത് അംഗത്തേക്കാൾ കൂടുതൽ വോട്ട് ജാഫർ നേടിയിരുന്നു. കൂറുമാറിയ ജാഫറിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർ പലയിടത്തും ജാഫറിന്റെ ഫ്ലക്സിൽ കരി ഓയിൽ അഭിഷേകം നടത്തിയും പ്രകടനം നടത്തിയും പ്രതിഷേധിച്ചിരുന്നു. ഇടതുമുന്നണിയിൽനിന്ന് വൻ തുക കൈപ്പറ്റിയാണ് കൂറ് മാറി വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചിരുന്നു.
പ്രതിസന്ധിയിലായ യു.ഡി.എഫ് നേതൃത്വം ജാഫറിനെതിരെ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. തുടർന്നാണ് നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറി കെ.എ. അൻസാർ അഹമ്മദ് മുമ്പാകെ രാജി സമർപ്പിച്ചത്. ഇതോടെ തളി പതിമൂന്നാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. തെറ്റ് പറ്റിയതിൽ വോട്ടർമാരോട് ക്ഷമ ചോദിക്കുന്നതായും ജാഫർ പറഞ്ഞു. പണം വാങ്ങി വോട്ട് മറിച്ചെന്ന പ്രചരണം തെറ്റെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു.


