വടക്കാഞ്ചേരി ബൈപാസ്: ഡി.പി.ആർ പ്രാരംഭ നടപടി തുടങ്ങി
text_fieldsവടക്കാഞ്ചേരി: വടക്കാഞ്ചേരി ബൈപാസ് നിർമാണത്തിന് റെയിൽവേ മേൽപാലം ഒഴികെയുള്ള ഭാഗത്തിന്റെ ഡി.പി.ആർ തയാറാക്കാനുള്ള പ്രാരംഭ നടപടി തുടങ്ങി. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത 22ൽ വടക്കാഞ്ചേരി, ഓട്ടുപാറ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് ബൈപാസ് വിഭാവനം ചെയ്തതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
നിർദിഷ്ട ബൈപാസിന്റെ അവസാന ഭാഗത്ത് അകമലയിൽ നിർമിക്കേണ്ട റെയിൽവേ മേൽപാലത്തിന്റെ ഡി.പി.ആർ തയാറാക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മേൽപ്പാലം ഒഴികെയുള്ള ബൈപാസ് റോഡും പുഴയുടെ പാലവും ഉൾപ്പെടെയുള്ള ഭാഗത്തിന്റെ ഡി.പി.ആർ സമാന്തരമായി തയാറാക്കണമെന്നാശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകിയിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഹൈവേ ഡിസൈൻ വിഭാഗമാണ് ഡി.പി.ആർ തയാറാക്കുന്നത്. കെ.ആർ.ഡി.സി.എൽ ആണ് റെയിൽവേ മേൽപാലത്തിന്റെ മണ്ണ് പരിശോധന നടത്തി ജി.എ.ഡി തയാറാക്കുന്നത്. ജി.എ.ഡി റെയിൽവേക്ക് സമർപ്പിച്ച് അംഗീകാരം നേടുമ്പോഴാണ് പൂർണ ബൈപാസ് പദ്ധതി തയാറാവുക.
എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ എന്നിവർക്കൊപ്പം നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ സ്വപ്ന ശശി, സി.വി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ എ.ഡി. അജി, എൻ.കെ. പ്രമോദ്കുമാർ, വി.സി. ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.