വടക്കാഞ്ചേരി ബൈപാസ് സർവേ ഇന്ന് തുടങ്ങും
text_fieldsവടക്കാഞ്ചേരി: നിർദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (ജി.എ.ഡി) തയാറാക്കാൻ ടോപ്പോഗ്രാഫിക് സർവേയും സോയിൽ ഇൻവെസ്റ്റിഗേഷനും വെള്ളിയാഴ്ച തുടങ്ങും. ജി.എ.ഡി തയാറാക്കി റെയിൽവേയിൽനിന്ന് അംഗീകാരം നേടാൻ സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ ചുമതലപെടുത്തിയിട്ടുണ്ട്. കോർപറേഷൻ 75 ദിവസത്തിനകം ജി.എ.ഡി റെയിൽവേക്ക് സമർപ്പിക്കും.
എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും അലൈൻമെന്റും തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ തടസ്സങ്ങൾ നീക്കി വടക്കാഞ്ചേരി ബൈപാസ് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ജി.എ.ഡി തയാറാക്കാൻ ഉത്തരവായതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
റെയിൽവേയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അകമലക്കടുത്ത് കാട്ടിലെ ഗേറ്റ് (പട്ടാണികാട്ടിലേക്ക് പോകുന്ന വഴിയുടെ ഭാഗം) പരിസരത്ത് മേൽപാലം നിർമിക്കാൻ തത്വത്തിൽ ധാരണയായെന്നും അദ്ദേഹം പറഞ്ഞു.