പൊയ്യയില്‍ പാതിവഴിയിൽ നിർമാണം നിലച്ച് നെയ്ത്തുകേന്ദ്രം
text_fieldsമാള പൊയ്യയില്‍ പാതിവഴിയിൽ നിർമാണം നിലച്ച നെയ്ത്ത് കേന്ദ്രം. സമീപം പഴയ കെട്ടിടം.
മാള: പൊയ്യയിൽ ഖാദി കൈത്തറി കേന്ദ്രം വികസനം പാതിവഴിയിൽ നിലച്ചു. നിർമാണം തുടങ്ങിയ കെട്ടിടത്തിൽ കാട് കയറി ഇഴജന്തുക്കൾ താമസമാക്കി. 2022 ൽ 30 ലക്ഷം അനുവദിച്ച് ഖാദി നെയ്ത്ത്, നൂൽനൂൽപ് എന്നിവക്കായാണ് പുതിയ കെട്ടിടം നിർമാണം തുടങ്ങിയത്. നിലവിലെ പഴയ രണ്ട് കെട്ടിടങ്ങളിലായാണ് ഖാദി നെയ്ത്തും നൂൽനൂൽപും നടന്നു വരുന്നത്. കെട്ടിടം പഴക്കമേറി നശോന്മുഖമായതോടെയാണ് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.
2022 ഒക്ടോബറിലാണ് എം.എൽ.എ ശിലാസ്ഥാപനം നടത്തിയത്. പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ചെയ്തു. എന്നാൽ നിർമാണം വഴിയിൽ നിലച്ചു. മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമം നടത്തിയ പൊയ്യ കൈത്തറി കേന്ദ്രം ശാപമോക്ഷം തേടുകയാണിപ്പോൾ. 1963 ല്‍ ആരംഭിച്ച നെയ്ത്ത് സംഘമാണിത്. 24 തൊഴിലാളികളുമായി തുടങ്ങിയ കേന്ദ്രത്തിൽ ഇപ്പോഴുള്ളത് തറിയിൽ മൂന്ന്, നൂൽ നൂൽപിൽ ഒൻപത് എന്നിങ്ങനെ 12 പേർ മാത്രം. നേരത്തേ ജോലി ചെയ്യുന്ന സ്ത്രീത്തൊഴിലാളികളിൽ പലരും ഇന്ന് സംഘത്തിലില്ല.
ഇതിനിടെ ഉൽപന്നത്തിന് വിപണിയില്ലാതായതോടെ കൈത്തറി മേഖല തളർന്നു. നയപരമായ തീരുമാനമുണ്ടാകാത്തതിനാൽ സര്‍ക്കാര്‍ ജീവനക്കാരും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലന്ന് തൊഴിലാളികൾ പറയുന്നു. നേരത്തേ ഈ രംഗം വിട്ട പലരും തിരിച്ചു വരാനും വഴിയൊരുങ്ങുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി. സ്കൂള്‍ വിദ്യാർഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ നേരത്തേ നെയ്തിരുന്നതായി നെയ്ത്തുകാർ പറയുന്നു.
സെറ്റ് സാരി, കാവി, ഡബിള്‍ മുണ്ട്, ഷര്‍ട്ട് തുടങ്ങിയ എല്ലാ ഇനങ്ങളും ഇവിടെ നെയ്തിരുന്നു. ഇപ്പോൾ മുണ്ടുകളാണ് നെയ്യുന്നത്. ഒന്നിന് വിപണിയിൽ 460രൂപ ലഭിക്കും. ഒരു മീറ്റര്‍ തുണിക്ക് 45 രൂപയാണ് തൊഴിലാളിക്ക് കൂലിയായി നല്‍കുന്നത്. തൊഴിലാളി ദിവസം അഞ്ചും ആറും മുണ്ടുകൾ നെയ്യും. പരമ്പരാഗത കൈത്തറി കേന്ദ്രത്ത പുരോഗതിയിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.