തൃത്തല്ലൂരിൽ കാട്ടുപന്നി ശല്യം: വ്യാപക കൃഷിനാശം
text_fieldsതൃത്തല്ലൂർ കിഴക്കൻ മേഖലയിലെ ചാളിപ്പാട് ജയതിലകന്റ കൃഷിയിടത്തിലെ വാഴകൾ കാട്ടുപന്നി നശിപ്പിച്ച നിലയിൽ
വാടാനപ്പള്ളി: തൃത്തല്ലൂർ കിഴക്കൻ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. വാഴ, തെങ്ങ്, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.
ചാളിപ്പാട് ജയതിലകന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് എന്നിവയും അടുത്തപറമ്പിലെ പയർകൃഷിയും നശിപ്പിച്ചു. രണ്ടുമാസമായി കാട്ടുപന്നി സാന്നിധ്യവും ശല്യവുമുണ്ട്. മുമ്പ് ഏഴാംകല്ല് പ്രദേശത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് ഇടപെട്ട് വെടിവെച്ച് കൊന്നിരുന്നു. നേരത്തേ നടുവിൽക്കരയിലും പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് മേഖലയിലും കാട്ടുപന്നി ശല്യമുണ്ടായിരുന്നു. തൃത്തല്ലൂരിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ നാട്ടുകാർ കണ്ടിരുന്നു.
ശല്യം കാരണം കൃഷി നടത്താൻ പറ്റാത്ത അവസ്ഥയാണ്. സന്ധ്യ സമയത്തും രാത്രിയിലുമാണ് ശല്യം രൂക്ഷം. പഞ്ചായത്ത് സെക്രട്ടറിയോട് പലതവണ നേരിട്ടും രേഖാമൂലവും പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.