ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കടത്തിന് സഹായിച്ച യുവതി പിടിയിൽ
text_fieldsറിൻഷാ മുഹമ്മദ് റാഫി
തൃശൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ വിൽപനക്ക് കടത്താൻ സഹായിച്ച യുവതിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 154.27 ഗ്രാം എം.ഡി.എം.എ പിടിച്ച കേസുമായി ബന്ധപ്പെട്ട് കുന്നംകുളം തെക്കേപുറം കോത്താട്ടിൽ അരൂദാസിനെ (33) സഹായിച്ച പാലക്കാട് പട്ടാണി തെരുവ് പുളിക്കൽ റിൻഷാ മുഹമ്മദ് റാഫിയെ (25) ആണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
ആഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്തേക്ക് വൻതോതിൽ എം.ഡി.എം.എ വിൽപനക്ക് കൊണ്ടുവരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി. അനുരാജും സംഘവും നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിൽനിന്ന് ഒന്നാം പ്രതി കുന്നംകുളം ചിറ്റഞ്ഞൂർ കോരങ്ങത്ത് ശരത്ത്മോനെ (37) 154.27 ഗ്രാമുമായി പിടികൂടിയിരുന്നു.
ഇത് ഇയാൾക്ക് നൽകിയത് അരൂദാസ് ആണെന്നും റിൻഷാ മുഹമ്മദ് റാഫിയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ മനസ്സിലായി. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ റിൻഷയെ റിമാൻഡ് ചെയ്തു. കുന്നംകുളം എ.സി.പി സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽ, സിവിൽ പൊലീസ് ഓഫിസർ അർജുൻ, വനിത സിവിൽ പൊലീസ് ഓഫിസർ ഷബ്ന എന്നിവരാണുണ്ടായിരുന്നത്.


