ആനയോളം ആശങ്കകൾ; പാപ്പാൻമാരുടെ ജീവിതം പറഞ്ഞ് ശിൽപശാല
text_fieldsതൃശൂർ വടക്കുംനാഥ ക്ഷേത്രം ആനപറമ്പിൽ നടന്ന കൊച്ചിൻ ദേവസ്വം ബോർഡ് ആനപാപ്പാന്മാർക്കുള്ള റിഫ്രഷ്മെൻറ് ക്ലാസിൽ പങ്കെടുക്കുന്നവർ എറണാകുളം ശിവകുമാർ എന്ന ആനക്കൊപ്പം
തൃശൂർ: ഇത് ആനക്കമ്പത്തിന്റെ മാത്രം കഥയല്ല, ആനയെ നിലത്തിരുത്താതെ നോക്കുന്ന പാപ്പാന്റെ നെഞ്ചിലെ തീയുടെ കൂടി കഥയാണ്. എഴുന്നള്ളിപ്പിനിടെ കൊമ്പിൽ കയറിപ്പിടിക്കുന്ന ആരാധകർ, മദ്യപിച്ച് അടുത്തെത്തി പ്രകോപിപ്പിക്കുന്നവർ, നിയമത്തിന്റെ നൂലാമാലകൾ അറിയാതെ പെട്ടുപോകുന്ന കേസുകൾ... ഇതിനെല്ലാം ഇടയിൽ പെട്ടുപോകുന്ന പാപ്പാൻ, ആനയും പാപ്പാനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിനിടയിലേക്ക് അനുവാദമില്ലാതെ മൂന്നാമതൊരാൾ കടന്നുവരുമ്പോഴുണ്ടാകുന്ന പലതരം പ്രശ്നങ്ങളും പ്രതിസന്ധികളും..... തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ ആനപ്പറമ്പിൽ നടന്ന ശിൽപശാല ഇവയെല്ലാം ചർച്ച ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ 21 പാപ്പാൻമാരിൽ 17 പേർ തങ്ങളുടെ ആശങ്കകൾ പങ്കുവെക്കാനും പുതിയ പാഠങ്ങൾ പഠിക്കാനുമായി ഒത്തുകൂടി.ദേവസ്വം ബോർഡ് സംഘടിപ്പിച്ച 'റിഫ്രഷ്മെന്റ് ക്ലാസ്' തുറന്നുപറച്ചിലിന്റെ വേദി കൂടിയായി. 26 വർഷത്തിലധികം പരിചയസമ്പത്തുള്ള അനി മുതൽ ചെറുപ്പക്കാർ ആയ പാപ്പാൻമാർ വരെ അവിടെയുണ്ടായിരുന്നു. പാപ്പാൻമാർക്ക് പറയാനുണ്ടായിരുന്നത് ഏറെയും നിയമക്കുരുക്കുകളെക്കുറിച്ചായിരുന്നു. രജിസ്റ്റർ ചെയ്യാത്ത ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച നിയമപ്രശ്നങ്ങളാണ് പാപ്പാൻമാർ പ്രധാനമായും ഉന്നയിച്ചത്.
നിയമം മാത്രമല്ല, എഴുന്നള്ളിപ്പിനെത്തുന്ന ചില ആളുകളും പാപ്പാൻമാരുടെ പേടിസ്വപ്നമാണ്. ‘‘ആനയിടഞ്ഞാൽ ആദ്യം പഴി കേൾക്കുന്നതും അടി കിട്ടുന്നതും പാപ്പാനാണ്. എന്നാൽ അതിലേക്ക് നയിക്കുന്ന പ്രകോപനങ്ങൾ പലപ്പോഴും ചുറ്റുമുള്ളവരുടെയോ മറ്റുള്ളവരുടെയോ വകയാണ്. ആനയുടെ കൊമ്പിൽ പിടിച്ചും മദ്യപിച്ച് ബഹളം വെച്ചും പ്രശ്നമുണ്ടാക്കുന്നവരുടെ പേരിൽ പോലും പാപ്പാൻമാർക്കെതിരെ കേസുകൾ വരുന്നുണ്ട്’’ -അവർ ചൂണ്ടിക്കാട്ടി.
തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ കെ. മനോജ് ശിൽപശാല ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർമാർ എന്നിവർ ക്ലാസുകൾ നയിച്ചു.
ഡോ. പി.ബി. ഗിരിദാസ് ‘ആനപരിപാലനം’ എന്ന അടിസ്ഥാന പാഠം മുതൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. പ്രേംനാഥ് ‘നാട്ടാന പരിപാലന ചട്ട’ങ്ങളെക്കുറിച്ചുള്ള നിയമവശങ്ങൾ വരെ വിശദീകരിച്ചു. എസ്.പി.സി.എ ഇൻസ്പെക്ടർ ഇ. അനിലും വിമുക്തി മിഷനിലെ ഷെഫീക്ക് യൂസഫും സംസാരിച്ചു. ദേവസ്വം സെക്രട്ടറി പി. ബിന്ദു പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.


