സർ ഒരു ബസ് വിട്ടുതരാമോ; കൃത്യസമയത്ത് ജോലിക്കെത്താനാണ്
text_fieldsതിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്കെത്താൻ ബസിനായി ഗതാഗത മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി കാത്തിരിക്കുകയാണ് ഒരു കൂട്ടം സർക്കാർ ജീവനക്കാർ. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് രാവിലെയും വൈകിട്ടും ബസ് അനുവദിക്കണമെന്ന മുറവിളിയാണ് ഉയരുന്നത്. നെയ്യാറ്റിൻകര- വഴുതക്കാട്- ശാസ്തമംഗലം- എസ്.എ.പി ക്യാമ്പ് വഴി സിവിൽ സ്റ്റേഷനിലേക്കുള്ള സർവീസ് മാത്രം പുനഃസ്ഥാപിച്ചില്ല. ഇപ്പോൾ കൃത്യമായി ബസ് സർവീസ് നടത്താത്തതു കാരണം മൂന്ന് ബസ് മാറി കയറിയാണ് യാത്രക്കാർ കോളജിലേക്കും ഓഫീസുകളിലേക്കും എത്തുന്നത്. വൈകിട്ട് 5.20ന് ബസ് സിവിൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടാൽ വൈകിട്ട് ഏഴോടെ നെയ്യാറ്റിൻകര ഡിപ്പോയിൽ തിരിച്ചെത്താനാകും. ഗതാഗത മന്ത്രിക്ക് കഴിഞ്ഞ ഏപ്രിലിൽ പരാതി നൽകിയതിനെ തുടർന്ന് ഒരാഴ്ച കൃത്യമായി ബസ് സർവീസ് നടന്നു. പിന്നീടെല്ലാം പഴയ പോലായി.