മണിയാർ പദ്ധതി ഏറ്റെടുക്കൽ: നിലപാട് വ്യക്തമാക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: സ്വകാര്യ കമ്പനിയുടെ ബി.ഒ.ടി കരാർ കാലാവധി കഴിഞ്ഞ് പത്ത് മാസമാകുമ്പോഴും മണിയാർ ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. പദ്ധതി കെ.എസ്.ഇ.ബിക്ക് വിട്ടുകിട്ടണമെന്ന് ഊർജ വകുപ്പും സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകണമെന്ന് വ്യവസായ വകുപ്പും നിലപാടെടുത്തതോടെ രൂപപ്പെട്ട അനിശ്ചിതത്വം ഇനിയും മാറിയിട്ടില്ല. ഇതുസംബന്ധിച്ച് നിയമസഭയിൽ വന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമല്ല സർക്കാർ നൽകിയത്.
കരാർ കാലാവധി അവസാനിച്ച ശേഷവും കാർബൊറാണ്ടം യൂനിവേഴ്സൽ കമ്പനി പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറാത്തതിന്റെ കാരണം അന്വേഷിച്ച ചോദ്യത്തിന് ‘മണിയാർ പദ്ധതിയുടെ ബി.ഒ.ടി കാലാവധി ദീർഘിപ്പിക്കണമെന്ന കമ്പനിയുടെ ആവശ്യം സർക്കാർ പരിശോധിച്ചുവരുന്നു’ എന്നാണ് മറുപടി. കരാർ കാലാവധിക്ക് ശേഷം പദ്ധതിയിൽ ഉൽപാദിപ്പിച്ച വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കാണ് നൽകിയതെന്നും മറുപടിയിൽ വിശദീകരിക്കുന്നു.
കരാർ കാലാവധി അവസാനിച്ച ശേഷം കൂടുതൽ ഉൽപാദനം നടന്നത് ഏപ്രിലിലാണ് (0.996 എം.യു). ജനുവരിയിൽ 0.57 എം.യു, ഫെബ്രുവരിയിൽ 0.77 എം.യു, മാർച്ചിൽ 0.4 എം.യു എന്നിങ്ങനെയായിരുന്നു ഉൽപാദനം. പദ്ധതി 2025 ജനുവരി ഒന്നുമുതൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി 2024 നവംബർ 12നാണ് കാർബൊറാണ്ടം കമ്പനിക്ക് കത്ത് നൽകിയത്. കാർബൊറാണ്ടം കമ്പനി ഇക്കാര്യത്തിൽ വ്യവസായ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയത് കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായി.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലടക്കം ചർച്ച നടന്നുവെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് നിയമസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ വന്ന മറുപടിയിൽ ‘പരിശോധിച്ചുവരുന്നുവെന്ന’ പതിവ് മറുപടി സർക്കാർ ആവർത്തിച്ചത്. കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ ഇടപെടലിനെത്തുടർന്നാണ് മണിയാർ വിഷയം ആദ്യം ചർച്ചയാവുന്നത്.
2024 ഡിസംബറിൽ അവസാനിച്ച കരാർ തുടർന്ന് 25 വര്ഷം കൂടി നീട്ടിനല്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. എന്നാൽ, പദ്ധതി സംബന്ധിച്ച വാദപ്രതിവാദങ്ങൾ വൈകാതെ അവസാനിച്ചു. കരാർ നിലവിലില്ലെങ്കിലും കാർബൊറാണ്ടം കമ്പനിയുടെ നിയന്ത്രണത്തിൽ തന്നെ പദ്ധതി തുടരുന്നു.


