തൊണ്ടിവാഹനങ്ങള്‍ പെരുകി ആര്യനാട് പൊലീസ് സ്റ്റേഷൻ
text_fieldsആര്യനാട് പൊലീസ് സ്റ്റേഷനു മുന്നില്‍ ആര്യനാട് ആനന്ദേശ്വരം റോഡില്‍ പൊലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു
ആര്യനാട്: വിവിധ കേസുകളില്‍ പിടികൂടുന്ന തൊണ്ടിവാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുമുന്നിലെ റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു.. ആക്രിക്കച്ചവടക്കാരുടെ ഗോഗൗണ്‍ പോലെയോ, കേടായ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഗാരേജ് പോലെയോ തോന്നിപ്പിക്കും വിധമാണ് ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
കേസില്‍പെടുന്ന വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനുമുന്നിലെ പൊതുമരാമത്ത് റോഡില്‍ കിടന്ന് തുരുമ്പെടുത്ത് ആക്രി സാധനങ്ങളായി മാറിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രി, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവയൊക്കെ സ്ഥിതിചെയ്യുന്ന ആര്യനാട്- ആനന്ദേശ്വരം റോഡിലാണ് റോഡിനിരുവങ്ങളിലിലുമായി തൊണ്ടി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ നീക്കാൻ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളായെങ്കിലും ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പലപ്പോഴും പൊലീസ് പിടികൂടുന്ന ലോറി ഉള്‍പ്പെടെ വലിയ വാഹനങ്ങൾ ഇടാൻ സ്ഥലമില്ലാത്തത് കാരണം റോഡിലിടേണ്ട സ്ഥിതിയുമുണ്ട്. വളവും റോഡ് കൈയേറിയുള്ള വാഹനങ്ങളുടെ സ്ഥിരം പാര്‍ക്കിങ്ങിനും കാരണം അപകടങ്ങളും ഏറുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് സ്റ്റേഷന് വളപ്പിലെ റോഡരികില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ അവശേഷിക്കുന്ന വാഹനങ്ങൾ കണക്കെടുത്ത് ലേലംചെയ്യാൻ എ.ആർ. ക്യാമ്പിലെ ഒരു അസി. കമീഷണർക്ക് ചുമതയുണ്ടെങ്കിലും ഈ നടപടികൾ നിലച്ചമട്ടാണ്.
രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ, വിവിധ കേസുകളിൽപ്പെട്ട തൊണ്ടി അല്ലാത്ത വാഹനങ്ങൾ എന്നിവയാണ് ഇതിലേറെയും. സാധാരണയായി യാത്രാസമയത്ത് രേഖകളില്ലാത്തതിനാൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ഒരുവർഷം കഴിയുമ്പോൾ പൊലീസ് നോട്ടീസ് അയക്കും. എന്നാൽ ഭൂരിപക്ഷം നോട്ടീസുകൾക്കും മറുപടി കിട്ടാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇത്തരത്തിലുള്ള വാഹനങ്ങളും നിരവധിയുണ്ട്. ബാക്കിയുള്ളവ കോടതിയിൽ നിന്നും റിലീസ് ഓർഡർ കിട്ടാത്തവയാണ്. യഥാസമയം ഈ ഓർഡർ വാങ്ങിയെടുക്കാൻ പലപ്പോഴും പൊലീസും ശ്രദ്ധിക്കാറില്ലെന്നും പറയുന്നു. വാഹനങ്ങൾ അധികമാകുമ്പോൾ ഇവയെ ഡംബിങ് യാർഡിലേക്ക് മാറ്റാമെങ്കിലും നിലവിൽ നെടുമങ്ങാടും പുളിങ്കുടിയിലുമാണ് ഈ സൗകര്യമുള്ളത്. ഇവിടേക്ക് വണ്ടികൾ മാറ്റാനുള്ള ചെലവ് അതത് സ്റ്റേഷനിലെ പൊലീസ് വഹിക്കണമെന്നതിനാൽ അതും നടക്കാറില്ല.


