‘ദുരവസ്ഥ’ മാറാതെ കായിക്കര ആശാൻ സ്മാരകം; വികസന പദ്ധതി അനന്തമായി നീളുന്നു
text_fieldsകായിക്കര ആശാൻ സ്മാരകത്തിൽ ഉപേക്ഷിച്ച നിർമാണത്തിൽ കമ്പികൾ ദ്രവിച്ചനിലയിൽ, കുമാരനാശാന്റെ വരികൾ കല്ലിൽ കൊത്തിയിരിക്കുന്നു
ആറ്റിങ്ങൽ: കായിക്കര ആശാൻ സ്മാരകം വികസന പദ്ധതി അനന്തമായി നീളുന്നു. ഒരുവർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി അഞ്ചു വർഷം കഴിഞ്ഞും ഇഴഞ്ഞു നീങ്ങുകയാണ്. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ പ്രവർത്തിക്കുന്ന ആശാൻസ്മാരകത്തിനാണ് ഈ ദുരവസ്ഥ.
വികസന പ്രവർത്തനങ്ങൾക്കായി ടൂറിസം ഡിപ്പാർട്മെന്റ് മൂന്നു കോടി രൂപ അനുവദിച്ചു. ആവശ്യമായ പ്രവർത്തിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് നിർമ്മിതിയെയാണ് ചുമതലപ്പെടുത്തിയത്. അവർ തയ്യാറാക്കിയ പ്രോജക്ടിന് അനുമതി ലഭിച്ചതിന്റെ ഭാഗമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന കാർമൽ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്.
എന്നാൽ ഇവർക്ക് കൃത്യസമയത്ത് പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. ആവശ്യമായ ഇടപെടലുകൾ നടത്താൻ നിർമ്മിതി കേന്ദ്രത്തിന് സാധിച്ചതുമില്ല. പരാതികളെ തുടർന്ന് കമ്പനിയെ ഒഴിവാക്കുകയും വർക്ക് റീ ടെൻഡർ ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിട്ടയേഡ് എൻജിനീയർമാർ അടങ്ങുന്ന ഒരു ടീമാണ് പ്രവൃത്തി എടുത്തത്. എന്നാൽ ഇവർ ഒരുവർഷം പിന്നിടുമ്പോഴും ഒരു മുന്നേറ്റവും ഉണ്ടാക്കിയിട്ടില്ല. നിരവധി പ്രാവശ്യം നോഡൽ ഏജൻസിയായ നിർമ്മതിയെ ഈ വിഷയം അറിയിച്ചിട്ടും യാതൊരുവിധ ഇടപെടലും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
വാക്ക് വിത്ത് മ്യൂസിക് എന്ന പദ്ധതിക്കായി നടപ്പാത നിർമ്മാണത്തിന് മേൽക്കൂരയ്ക്ക് കമ്പി അഴികൾ ചെയ്തിരുന്നു. പിന്നീട് കരാർ ഏറ്റെടുത്തവർ അവിടെ നടപ്പാതക്ക് കല്ലു പാകി. ആദ്യം ചെയ്ത മേൽക്കൂരയുടെ കമ്പികൾ ദ്രവിച്ച് ഇളകിയ നിലയിലാണ്. ഓഡിറ്റോറിയത്തിന്റെ നവീകരണം ഉൾപ്പെടെ ഈ പദ്ധതിയിൽ ചെയ്യേണ്ടതുണ്ട്. ഇതൊക്കെ എന്ന് പൂർത്തിയാകും എന്ന ധാരണ സ്മാരക കമ്മിറ്റിക്കോ സർക്കാരിനോ ഇല്ല.