പോരുമുറുകി; ആറ്റിങ്ങലിലും ചൂടേറുകയാണ്
text_fieldsഒ.എസ്. അംബിക എ. ശ്രീധരൻ പി. സുധീർ
കെ. നിസാം
ആറ്റിങ്ങല്‍: മണ്ഡലത്തിൽ സ്ഥാനാർഥികളുടെ വാഹന പര്യടനംകൂടി ആരംഭിച്ചതോടെ പ്രചാരണച്ചൂടിലേക്ക് ആറ്റിങ്ങലും. സകല അടവും പയറ്റി വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ മണ്ഡലത്തിെൻറ മുക്കിലും മൂലയിലും സാന്നിധ്യമറിയിക്കുേമ്പാൾ ത്രികോണപ്പോരിൽ തെന്നയാണ് ആറ്റിങ്ങലും.
ഇടത്- വലത് മുന്നണികളെ മാറി മാറി പരീക്ഷിച്ച ചരിത്രമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇടതുപക്ഷത്തിന് കൂടുതല്‍ വളക്കൂറുണ്ടായി. ഇടതുപക്ഷത്തിെൻറ ആത്മവിശ്വാസവും അതാണ്. എന്നാല്‍, സമീപകാല തെരഞ്ഞെടുപ്പുകളിലെ ഫലം വ്യത്യസ്തമാണ്. പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂല ഒഴുക്കില്‍ ആറ്റിങ്ങലിലും യു.ഡി.എഫ് മികച്ച ലീഡ് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഏതാണ്ട് അതേസ്വഭാവം മണ്ഡലം നിലനിർത്തി.
ഇടത് കുത്തകകളായിരുന്ന നാല് പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചടക്കി. ഈ ട്രെന്‍ഡ് നിലനിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം നേടാമെന്ന വിശ്വാസമാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലുള്ളത്.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും വോട്ട് വിഹിതത്തില്‍ വലിയ വർധന നേടുന്നുണ്ട്.
ഇടത് ഭരണത്തിലിരുന്ന കരവാരം പഞ്ചായത്ത് ബി.ജെ.പി സ്വന്തമാക്കി. മറ്റ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നില മെച്ചപ്പെടുത്തി. ആറ്റിങ്ങല്‍ നഗരസഭയിലും ഒറ്റൂര്‍, മണമ്പൂര്‍, വക്കം ഗ്രാമപഞ്ചായത്തുകളില്‍ രണ്ടാം കക്ഷിയായി വളരുകയും ചെയ്തു. ഇതോടെ മൂന്ന് മുന്നണികള്‍ക്കും തങ്ങളുടേതായ അടിത്തറ അവകാശപ്പെടാവുന്ന മണ്ഡലമായി ആറ്റിങ്ങല്‍ മാറി. ഈ മുന്നേറ്റം പ്രചാരണരംഗത്തും പ്രകടമാണ്. മൂന്ന് മുന്നണികളും ശക്തമായ പ്രചാരണപരിപാടികളുമായി മുന്നോട്ടുപോകുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.എസ്. അംബികയാണ് എല്‍.ഡി.എഫ് സ്ഥാനാർഥി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറായ, അംബികയുടെ മകെൻറ പേരാണ് ആദ്യം പരിഗണിക്കപ്പെട്ടതെങ്കിലും ജില്ലയില്‍ സ്ത്രീ മത്സരാർഥികള്‍ ഇല്ലാതെ വന്നതോടെയാണ് അംബികക്ക് നറുക്ക് വീണത്. ചിറയിന്‍കീഴ് ബ്ലോക്കിൽ രണ്ടാംതവണയാണ് അംബിക പ്രസിഡൻറാകുന്നത്. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലും രണ്ടുതവണ പ്രസിഡൻറായിരുന്നു.
യു.ഡി.എഫ് ആർ.എസ്.പിക്ക് നൽകിയ സീറ്റിൽ എ. ശ്രീധരനാണ് മണ്ഡലത്തിൽ മാറ്റുരക്കുന്നത്. റിട്ട. ഡി.ഇ.ഒയും ദീര്‍ഘകാലമായി മുൻകാല സി.പി.ഐ പ്രാദേശിക നേതാവുമായിരുന്നു.
മണ്ഡലത്തിലെ പ്രധാന സമുദായങ്ങളിലൊന്നായ സിദ്ധനര്‍ മഹാസഭയുടെ സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലുള്ള ബന്ധങ്ങളും ഗുണകരമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
എന്‍.ഡി.എക്കുവേണ്ടി ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ പി. സുധീറാണ് മത്സര രംഗത്തുള്ളത്. ദീര്‍ഘകാലമായി ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിെൻറ സംഘടനാ ചുമതലയുമായി ബന്ധപ്പെട്ട് സുധീര്‍ മണ്ഡലത്തിലുണ്ട്. മണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങളുടെ ശോച്യാവസ്ഥയും പല ഭാഗത്തും വേനല്‍ക്കാലത്ത് നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്നവും പ്രാദേശിക വികസന പ്രശ്നങ്ങളായി യു.ഡി.എഫ് എടുത്തുകാട്ടുന്നു. ബി.ജെ.പി വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്താൻ ഉതകുന്നരീതിയിലാണ് പ്രചാരണം നടത്തുന്നത്.
സമീപകാലത്തുണ്ടായ വന്യജീവി സാന്നിധ്യംവരെ പ്രചാരണത്തിന് വിഷയമായിട്ടുണ്ട്. വിവാദ വിഷയങ്ങളായ സ്വര്‍ണക്കടത്ത് കേസും ശബരിമല സ്ത്രീ പ്രവേശനവും ഉള്‍പ്പെടെ ഇതര വിഷയങ്ങളും പ്രതിപക്ഷ കക്ഷികള്‍ പ്രചാരണായുധമാക്കുന്നു.
2011ല്‍ എല്‍.ഡി.എഫിലെ ബി. സത്യന് 30065 വോട്ടിെൻറയും 2016ല്‍ 40385 വോട്ടിെൻറയും ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് വിജയിച്ചത്.
2011ല്‍ യു.ഡി.എഫിലെ തങ്കമണി ദിവാകരന് 33493 വോട്ടും 2016ല്‍ യു.ഡി.എഫിലെ ചന്ദ്രബാബുവിന് 32425 വോട്ടും ലഭിച്ചു. 2011ല്‍ എന്‍.ഡി.എ സ്ഥാനാർഥി പി.പി. വാവ 4844 വോട്ടും 2016ല്‍ എന്‍.ഡി.എ സ്ഥാനാർഥി രജിപ്രസാദ് 27602 വോട്ടും നേടിയിരുന്നു.
Latest Video: