ആറ്റിങ്ങൽ ഗവ. പ്രീ പ്രൈമറി സ്കൂൾ കെട്ടിടനിർമാണം പാതിവഴിയിൽ നിലച്ചു
text_fieldsആറ്റിങ്ങൽ ഗവ. പ്രീപ്രൈമറി സ്കൂളിന്റെ കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ച നിലയിൽ
ആറ്റിങ്ങൽ: ഗവ. പ്രീ പ്രൈമറി സ്കൂളിന്റെ പുതിയ കെട്ടിടനിർമാണം പാതിവഴിയിൽ നിലച്ച നിലയിൽ. രണ്ടാം ഘട്ട നിർമാണ പ്രവർത്തനമാണ് നിശ്ചലമായത്. 58 ലക്ഷം രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. ടെൻഡറിൽ 48 ലക്ഷം രൂപക്ക് കരാർ എടുത്തയാൾ പാതിവഴിയിൽ പണി നിർത്തിവെച്ചു.
തുടർന്ന് കരാർ തുക പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തി. നടന്ന നിർമാണപ്രവർത്തനങ്ങൾ നിലവാരമില്ലാത്ത രീതിയിൽ ആണെന്നും ആക്ഷേപമുണ്ട്. ബാക്കി പണി ചെയ്യാൻ 19 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരിക്കുകയാണ്. ഇതിനുപിന്നിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രണ്ടാംനിലയുടെ പണി പൂർത്തിയാകാത്തതിനാൽ പൂർത്തീകരിച്ച ആദ്യനിലയും ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ്. നഴ്സറി ക്ലാസ് ആയതിനാൽ ഇതേ കെട്ടിടത്തിൽ പണി നടക്കുമ്പോൾ കുഞ്ഞുങ്ങളെ കൊണ്ടിരിത്താൻ കഴിയില്ല. അതിനാൽ പൂർത്തിയാക്കിയ സൗകര്യങ്ങളും കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. താലൂക്കിലെ ഏക ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് ഈ ദുരവസ്ഥ. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രിയാണ് നിർവഹിച്ചത്. ഇതേ വേദിയിൽ തന്നെ രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പറഞ്ഞ സമയം പിന്നിട്ട് ഒരു വർഷമായിട്ടും നിർമാണപ്രവർത്തനം പൂർത്തിയായിട്ടില്ല.