കടലാസിലൊതുങ്ങി നഗരസഭയുടെ ബജറ്റ് പ്രഖ്യാപനങ്ങൾ
text_fieldsആറ്റിങ്ങൽ: നഗരസഭയുടെ ബജറ്റ് പ്രഖ്യാപനങ്ങൾ പാഴ്വാക്കായി. 2024-25 സാമ്പത്തികവർഷത്തേക്കുള്ള ബജറ്റിൽ നിരവധി വലുതും ചെറുതുമായ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇവയിൽ 90 ശതമാനവും നടപ്പാക്കാതിരുന്നപ്പോൾ നടപ്പായവതന്നെ സർക്കാർ പദ്ധതികൾ എന്ന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടവ മാത്രമാണ്. ബജറ്റിൽ പ്രഖ്യാപിച്ച തനത് പദ്ധതികളും നിർദേശങ്ങളും പ്രഹസനമായി.
മുടങ്ങിയ ടൗൺഹാൾ നിർമാണം ഒരുവർഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. മുനിസിപ്പൽ കോളനി പ്രദേശത്ത് ബഹുനില മന്ദിരം നിർമിച്ച് സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി പദ്ധതികൾ നടപ്പിലാക്കുമെന്നതിന് പ്രാരംഭപ്രവർത്തനങ്ങൾ പോലുമായില്ല. പ്രഖ്യാപിച്ച നാല് വയോജന പാർക്കുകളിൽ ഒന്നുപോലും ആരംഭിക്കാനായില്ല. ടി.ബി ജങ്ഷൻ പാർക്ക് കേന്ദ്രീകരിച്ചുള്ള വായനശാല, തെരുവുനാടകം, സാഹിത്യ സമ്മേളനങ്ങൾ, കലാ സന്ധ്യകൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓപൺ ജിംനേഷ്യവും നാല് സ്ഥലത്ത് നഗരസഭ ലൈബ്രറികളും യാഥാർഥ്യമായില്ല.
മാമത്ത് മോട്ടോർ വർക്ക് ഷോപ്, വഴിയോര കച്ചവടക്കാക്ക് വേണ്ടി വെൻഡിങ് സോൺ, ഖോ-ഖോ പരിശീലനത്തിനായി പ്രത്യേക ഗ്രൗണ്ട്, പൊതു സ്റ്റേഡിയം, വയോജനങ്ങൾക്ക് പെയ്ഡ് ഹോം പദ്ധതി തുടങ്ങിയവയും ആരംഭിക്കാനായില്ല. തെരുവ് നായ്ക്കൾക്ക് എ.ബി.സി പദ്ധതിയും വരുമാനസ്രോതസ്സുകൾ വർധിപ്പിക്കും എന്ന പ്രഖ്യാപനവും പാഴ്വാക്കായി. തനത് വരുമാനം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും നൽകുന്നതിൽ ഒതുങ്ങുന്നു. ആലംകോട് ബഹുനില ഷോപ്പിങ് മാൾ, ലേബർ ബാങ്ക് രൂപവത്കരണം, മൂല്യവർധിത ഉൽപന്നങ്ങൾ വിദേശത്തേക്ക് കയറ്റിയയക്കുന്നതിനുള്ള സംവിധാനം, വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റുകൾ, ബയോ സി.എൻ.ജി പ്ലാൻറ്, പുതിയ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് തുടങ്ങിയവയും നിർദേശിക്കപ്പെട്ടിരുന്നു.
വിളസംരക്ഷണത്തിന് സോളാർ ഫാൻസിങ്, പൊതുകുളങ്ങളിൽ മത്സ്യകൃഷി, കലാ ഗ്രാമം പദ്ധതി, വാമനപുരം നദീതീരം കേന്ദ്രീകരിച്ചുള്ള സൈക്ലിങ്, സിമ്മിങ് പൂൾ, കളിക്കളങ്ങൾ, ടർഫുകൾ, ഔഷധകൃഷി, മത്സ്യകൃഷി, പക്ഷിസങ്കേതം തുടങ്ങിയവയും നടപ്പാക്കാത്ത ബജറ്റ് പ്രഖ്യാപനങ്ങളാണ്. മൾട്ടിലെവൽ പാർക്കിങ് സൗകര്യം, കൊല്ലമ്പുഴ കൊട്ടാരം കേന്ദ്രീകരിച്ചുള്ള നവീകരണ വികസനപ്രവർത്തനങ്ങൾ, വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രണ്ടാമത്തെ ഡയാലിസിസ് യൂനിറ്റ്, ന്യൂറോ കാർഡിയോളജി വിഭാഗങ്ങൾ, ഷെൽട്ടർ ഹോം, സിദ്ധ ആശുപത്രിയിൽ കിടത്തിചികിത്സക്ക് സൗകര്യമൊരുക്കൽ, ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ചികിത്സക്കുള്ള സൗകര്യം എന്നിവയും പ്രഹസനമായി.
ഐ.ടി ഹബ് മുതൽ കരിയില സംഭരണി വരെയുള്ള ബജറ്റ് നിർദേശങ്ങളും യാഥാർഥ്യമായിട്ടില്ല. വരുമാനം വർധിപ്പിക്കുന്നതിലും ചെലവഴിക്കുന്നതിലും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ വീഴ്ചയാണ് ദുരവസ്ഥക്ക് കാരണം. റോഡുകളുടെ റീ ടാറിങ്, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവക്കുപുറമെ നടന്നത് വിളക്കുകാലുകളിൽ പൂച്ചെടികൾ സ്ഥാപിക്കൽ മാത്രമാണ്.