ആറ്റിങ്ങൽ ടൗൺ ഹാൾ നവീകരണം
text_fieldsആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാളിന്റെ നിലവിലെ അവസ്ഥ
ആറ്റിങ്ങൽ: ഭരണപരമായ കഴിവ് കേടിന്റെ മകുടോദാഹരണമായി ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാൾ നവീകരണ പദ്ധതി. നടക്കുന്നത് എസ്റ്റിമേറ്റ് റിവൈസും പാഴാക്കലും മാത്രം. വ്യക്തമായ മാസ്റ്റർ പ്ലാനിന്റെ അഭാവവും യഥാസമയം ഫണ്ട് സമാഹരണവും നടത്താൻ കഴിയാതെ വന്നതും സാങ്കേതികപ്രശ്നങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതും പദ്ധതി അനന്തമായി നീളുന്നതിന് കാരണമായി.
2017 ല്‍ തുടങ്ങി 5 കോടിയിലധികം ചെലവിട്ടിട്ടും 50 ശതമാനം പണികള്‍ പോലും പൂര്‍ത്തിയായില്ല. പദ്ധതി പൂര്‍ത്തിയാക്കാന്‍ 3.75 കോടിയുടെ പുതിയ പദ്ധതി തയാറാക്കിയിരിക്കുകയാണ് ഇപ്പോൾ.പുനർനിർമാണം ആരംഭിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. നവീകരണത്തിനുവേണ്ടിയാണ് ടൗണ്‍ഹാള്‍ അടച്ചിട്ടത്. കോടികള്‍ മുടക്കിയിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നവീകരണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നിട്ടും പദ്ധതി പൂര്‍ത്തിയാക്കാന്‍ കാര്യമായ ഇടപെടൽ ഉണ്ടായില്ല. നഗരഹൃദയത്തിലായി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ജനങ്ങളുടെ വലിയൊരാശ്രയമായിരുന്നു. വിവാഹം, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവയെല്ലാം നടത്താനായി നഗരസഭാപ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും ആളുകള്‍ ഈ ഹാളിനെ ആശ്രയിച്ചിരുന്നു.
ഹാളിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പാര്‍ക്കിങ് സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൗണ്‍ഹാള്‍ നവീകരിക്കാന്‍ 2017 ല്‍ ഭരണസമിതി തീരുമാനിച്ചത്. 4.5 കോടിരൂപയായിരുന്നു ചെലവ് കണക്കാക്കിയത്. ഈ തുക മുനിസിപ്പല്‍ ടൗണ്‍ സര്‍വിസ് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു തീരുമാനം. നിര്‍മാണച്ചുമതല കെ.എസ്.ഇ.ബിയുടെ കെട്ടിട നിര്മാണവിഭാഗത്തിനാണ് നൽകിയത്.
തുടക്കം മുതല്‍ നിര്‍മാണം ഇഴഞ്ഞാണ് നീങ്ങിയത്. സമീപ വസ്തു ഉടമ ഉന്നയിച്ച തർക്കം ആദ്യ തടസ്സമായി. കോവിഡ് കാലത്ത് പണികള്‍ നിലച്ചു. പിന്നീടങ്ങോട്ട് പണികള്‍ കാര്യക്ഷമമായില്ല. പുതിയ ഭരണസമിതി അധികാരമേറ്റ് അഞ്ചാം വര്‍ഷത്തിന്റെ അവസാന പാദമെത്തിയിട്ടും ഹാള്‍ നവീകരിച്ച് തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്കായില്ല.
ഒന്നാംനിലയിലെ ശീതീകരിച്ച പ്രധാനഹാളില്‍ 900 പേര്‍ക്കുള്ള ഇരിപ്പിടം, 450 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാല, സസ്യാഹാരശാല, അടുക്കള, ഹാളിനടയില് പാര്‍ക്കിങ് സൗകര്യം, ഭിന്നശേഷി സൗഹൃദം എന്നിങ്ങനെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഹാളില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
സാധാരണനിലയില്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്ന നവീകരണമാണ് എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ തുടരുന്നത്. അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ നല്‍കിയിട്ടുള്ളത് ഊരാളുങ്കല്‍ സംഘത്തിനാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ ഈ കരാറിലും പ്രവൃത്തി ഒന്നും നടന്നില്ല.സഹകരണബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശയിനത്തില്‍ 2023-24 കാലയളവ് വരെ 88,32,805 രൂപ പലിശ ഒടുക്കിയിട്ടുണ്ട്. ഇപ്പോഴത് ഒരു കോടിക്ക് മുകളിലായിട്ടുണ്ട്.ടൗണ്‍ഹാളിലൂടെ നഗരസഭക്ക് ലഭിക്കേണ്ട വരുമാനം വര്‍ഷങ്ങളായി നിലയ്ക്കുകയും നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട തുക പലിശയിനത്തില്‍ ഒടുക്കുകയും ചെയ്യുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പരാമർശം വന്നുകഴിഞ്ഞു.


