അപകടഭീഷണി ഉയർത്തി അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങൾ
text_fieldsതകർച്ച ഭീഷണി നേരിടുന്ന ആശുപത്രി കെട്ടിടങ്ങൾ
ആറ്റിങ്ങൽ: ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടങ്ങൾ. കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിലും പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കാത്തത്ആശങ്ക സൃഷ്ടിക്കുന്നു. വക്കം പുരുഷോത്തമൻ മണ്ഡലത്തിന്റെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്നപ്പോൾ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും താമസിക്കുന്നതിനായി രണ്ട് കെട്ടിടങ്ങളിലായി മൂന്ന് ക്വാട്ടേഴ്സുകൾ നിർമിച്ചു.
ക്വാട്ടേഴ്സിൽ കുറച്ചുനാൾ ജീവനക്കാർ താമസിച്ചു.ഡോക്ടർമാർ ആരും താമസിക്കാനെത്തിയില്ല. ഏറെ വൈകാതെ ജീവനക്കാരുടെ ക്വാട്ടേഴ്സിലും താമസിക്കാൻ ആളില്ലാതെയായി. കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ രണ്ട് കെട്ടിടങ്ങളും ഉപയോഗശൂന്യമായി. നിലവിൽ ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഒരു കെട്ടിടത്തിന്റെ ഉൾവശത്ത് മേൽക്കൂര കോൺക്രീറ്റ് പൂർണമായും തകർന്നുവീണു. അകത്തുനിന്നാൽ ആകാശം കാണാം. ഇരു കെട്ടിടങ്ങളും പല ഭാഗത്തായി തകർന്നുവീണുകൊണ്ടിരിക്കുകയാണ്.
നിത്യവും നൂറു കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ മഴയത്തും മറ്റും നിരവധി പേർ ഇതിനകത്തും, വശങ്ങളിലും കയറി നിൽകാറുണ്ട്. ടെറസിൽ കിളിർത്ത ആൽമരം നിലവിൽ വൻ വൃക്ഷമായി മാറിയിട്ടും ആശുപത്രിയുടെ പരിപാലന ചുമതലയുള്ള പഞ്ചായത്ത് ഭരണ സമിതിയോ, ആരോഗ്യ വകുപ്പോ ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിനുശേഷം അഴിയൂരിലെ ഈ പഴയ കെട്ടിടങ്ങളും ആശങ്ക പടർത്തിയിട്ടുണ്ട്. പക്ഷേ അധികൃതർ നിശബ്ദത പാലിക്കുന്നു.
തകർച്ച ഭീഷണിയാൽ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കാനായി നടപടിയെടുക്കണമെന്ന് നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തതിനാൽ മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്ന് പൊതുപ്രവർത്തകൻ എ.ആർ. നിസാർ പറഞ്ഞു.