പാചകവാതകം ചോർത്തി വിൽപന; 261 സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsഏജൻസി ഗോഡൗണിൽ സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ
ആറ്റിങ്ങൽ: ഓയിൽ കമ്പനികളുടെ സിലിണ്ടറുകളിൽനിന്ന് ഗ്യാസ് ചോർത്തി വിൽക്കുന്നത് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല സപ്ലൈ ഓഫിസർ മാത്യുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് മണ്ണൂർ ഭാഗം പട്ടളയിലെ സൂപ്പർ ഗ്യാസ് എന്ന പേരിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.ഗ്യാസ് ചോർത്താൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊതുമേഖല ഓയിൽ കമ്പനികളുടേതും സ്വകാര്യ കമ്പനികളുടേതുമടക്കം 261 സിലിണ്ടറുകളും പിടിച്ചെടുത്തു.
ശനിയാഴ്ച നടത്തിയ റെയ്ഡിൽ വർക്കല താലൂക്ക് സപ്ലൈ ഓഫിസർ ശ്രീലത, അസി. സപ്ലൈ ഓഫിസർമാരായ രഞ്ജിത്ത്, സജീവ് എന്നിവരും പങ്കെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകൾ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഗ്യാസ് ഗോഡൗണുകളിലേക്ക് മാറ്റി.തുടരന്വേഷണം നടന്നുവരുന്നു. കുറ്റക്കാർക്കെതിരെ ആവശ്യസാധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.


