ജില്ല സ്കൂൾ കലോത്സവം; കലാകിരീടം സൗത്തിന്
text_fieldsജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം സൗത്ത് ഉപജില്ല ടീം ചലച്ചിത്ര താരം പ്രിയങ്ക നായരിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ
ആറ്റിങ്ങൽ: ആവേശം പകർന്ന ജില്ല കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കലാകിരീടം തിരുവനന്തപുരം സൗത്ത് ഉപജില്ലക്ക്. കലാമത്സരങ്ങൾക്ക് കായികപരിവേഷം പകർന്ന ദിനരാത്രങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായത്. നാലാം ദിനം രാത്രി വരെയും പാലോട് ഉപജില്ല ആയിരുന്നു ലീഡ് ചെയ്തത്. അവസാന നിമിഷം നേരിയ പോയിന്‍റ് വ്യത്യാസത്തിൽ ലീഡ് നില മാറിമറിഞ്ഞു.
അഞ്ചാം ദിനം മത്സരം പൂർത്തിയായപ്പോൾ തിരുവനന്തപുരം സൗത്ത് ഉപജില്ല 940 പോയിന്‍റ് നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 935 പോയിന്‍റുമായി തിരുവനന്തപുരം നോർത്ത് ഉപജില്ല രണ്ടാം സ്ഥാനത്തും പാലോട് ഉപജില്ല 934 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമായി. 878 പോയിന്റോടെ കിളിമാനൂർ നാലാം സ്ഥാനത്ത് എത്തിയപ്പോൾ ആതിഥേയരായ ആറ്റിങ്ങൽ ഉപജില്ല 847 പോയിന്‍റോടെ അഞ്ചാം സ്ഥാനം നേടി.
സ്കൂളുകളുടെ വിഭാഗത്തിൽ നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസ് 335 പോയിന്റോടെ ഒന്നാമതെത്തി. വഴുതക്കാട് കാർമൽ എച്ച്.എസ്.എസ് 253 പോയിന്‍റുമായി രണ്ടാമതും പട്ടം സെന്‍റ് മേരിസ് എച്ച്.എസ്.എസ് 219 പോയിന്‍റോടെ മൂന്നാം സ്ഥാനവും നേടി. കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് 193 പോയിന്‍റുമായി നാലാം സ്ഥാനവും കടുവയിൽ കെ.ടി.സി.ടി. ഇ.എച്ച്.എസ്.എസ് 181 പോയിന്‍റുമായി അഞ്ചാം സ്ഥാനവും നേടി.


