ദേശീയപാത ബൈപ്പാസ് മേഖലയിൽ വ്യാപക വയൽ നികത്തൽ
text_fieldsനെടുങ്കരി ഏലായിൽ വയലും ചതുപ്പും നികത്തിയനിലയിൽ
ആറ്റിങ്ങൽ: ദേശീയപാത ബൈപ്പാസ് നിർമാണ മേഖലയിൽ വ്യാപക വയൽ നികത്തൽ. ബൈപ്പാസിനോട് ചേർന്നു കിടക്കുന്ന കൊല്ലമ്പുഴ - കോട്ടപ്പുറം റോഡിലെ നെടുങ്കരി ഏലായിൽ നികത്തൽ വ്യാപകമാണ്. മുൻകാലങ്ങളിൽ ഈ മേഖല ചതുപ്പ് നിലങ്ങളായിരുന്നു. ദേശീയപാത റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത ശേഷം ബാക്കിയുള്ള മേഖലകളാണിപ്പോൾ മണ്ണിട്ട് നികത്തുന്നത്. ബൈപ്പാസിനു പുറമേ ഈ മേഖലയിൽ മണനാക്ക് - ആറ്റിങ്ങൽ റോഡും, കൊല്ലമ്പുഴ-കോട്ടപ്പുറം റോഡും നിലവിലുണ്ട്.
നെടുങ്കരി ഏലായിൽ മണ്ണിട്ട് നികത്തുകയും വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്താൽ അത് ബൈപ്പാസിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്നും നാട്ടുകാർ പറയുന്നു. നെടുങ്കരി ഏല സ്ഥിരം വെള്ളക്കെട്ട് മേഖലയായതിനാൽ പണ്ടുകാലം മുതൽ തന്നെ ഇവിടെ റോഡിനടിയിലൂടെ ഓടയും നിർമിച്ചിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഈ മേഖലയിൽ മണ്ണിട്ട് നികത്തൽ തുടരുന്നത്. ഇത്തരം മേഖലകളിലേക്ക് മണ്ണ് എത്തിക്കാൻ കരിച്ചി, ഇളമ്പ മേഖലയിൽ നിന്ന് മണ്ണ് കടത്തലും വ്യാപകമാണ്. പാരിസ്ഥിതിക അനുമതികൾ ഇല്ലാതെയാണ് വലിയ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണു കൊണ്ടുവരുന്നത്.
അനധികൃത ചതുപ്പ് വയൽ പ്രദേശങ്ങൾ നികത്തൽ തെരഞ്ഞെടുപ്പ് സമയത്താണ് സജീവമായത്. പോലീസ് ഉദ്യോഗസ്ഥ സംവിധാനങ്ങൾ എല്ലാം തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിച്ച സമയത്ത് വയൽ നികത്തൽ ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു.
ഇതിനുശേഷവും ഇവിടെ വയൽ നികത്തുന്നത് തുടർന്നു. നിലവിൽ ചതുപ്പ് പ്രദേശങ്ങൾ വലിയതോതിൽ പൂർണമായും മണ്ണിട്ട് നികത്തി. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ, ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇവിടെ നികത്തൽ നടക്കുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വലിയതോതിൽ മണ്ണിട്ട് ഉയർത്തിയതോടെ സമീപ മേഖലകളിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് നാട്ടുകാരെ ആശങ്കാകുലരാകുന്നു.


