ഓണക്കാഴ്ച ഒരുക്കി വയലോരത്ത് പൂവസന്തം
text_fieldsപിരപ്പമൺകാട്ടെ ചെണ്ടുമല്ലി കൃഷി
ആറ്റിങ്ങല്‍: ഓണക്കാല വിരുന്നൊരുക്കി ഇരപ്പന്മാർ പിരപ്പമൺകാട് പാടശേഖരക്കരയിൽ പൂ വസന്തം. ഓണപ്പൂക്കളത്തിന് ഈ നാട്ടുകാർക്കും മറുനാട്ടുകാർക്കും ആവശ്യമായ പൂക്കൾ ലഭ്യമാക്കുവാൻ നാട് ഒരുങ്ങി. ഇപ്പോൾതന്നെ പ്രതിദിനം 50 കിലോയോളം ചെണ്ടുമല്ലി പൂക്കൾ വിപണിയിൽ എത്തിക്കുന്നു. വരുംദിവസങ്ങളിൽ ഇതിന്റെ അളവ് വർധിക്കും. വിപണിയിൽ പൂവ് എത്തിക്കുന്നതിനപ്പുറം മനോഹരമായ കാഴ്ച വസന്തമാണ് വയൽക്കരയിൽ ഒരുങ്ങിയിരിക്കുന്നത്.
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നിന്ന് കൊണ്ടുവന്ന 12600 തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. ഇവയില്‍ 10,000 ചെണ്ടുമല്ലിയും 2600 വാടാമല്ലിയുമുണ്ട്. ചെണ്ടുമല്ലിയില്‍ മഞ്ഞയും ഓറഞ്ചും രണ്ടുനിറങ്ങളാണുള്ളത്. വാടാമല്ലിയില്‍ വെള്ള, ചുവപ്പ്, റോസ്, മജന്ത എന്നിങ്ങനെ നാല് നിറങ്ങളിലെ പൂക്കളുണ്ട്. ചെടികളെ നനയ്ക്കാന്‍ റെയ്ന്‍ ഹോസ് എന്ന പുതിയ രീതി പരീക്ഷിച്ചു. കര്‍ഷകരില്‍ നിന്ന് തന്നെ സ്വരൂപിച്ച മൂന്ന് ലക്ഷം രൂപയാണ് മുതല്‍ മുടക്ക്. എല്ലാദിവസവും ചെടികള്‍ക്കിടയില്‍ ഈ കര്‍ഷകരുടെ സാന്നിധ്യമുണ്ട്. അവരുടെ ശ്രമം വിജയം കണ്ടു. പാടശേഖരക്കരയിലെ തെങ്ങിൻതോപ്പുകൾ നിലവിൽ പൂക്കളാൽ നിറഞ്ഞു.
കനത്ത മഴയും തണ്ടുചീയല്‍ രോഗവും കൃഷിയെ നന്നായി ബാധിചിരുന്നു. തണ്ടുചീയല്‍ വലിയ പ്രതിസന്ധി തീര്‍ത്തപ്പോള്‍ കൃഷിവകുപ്പ് സഹായത്തിനെത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പാത്തോളജിസ്റ്റുകള്‍ ഇവിടെയെത്തി ചെടികളെ പരിശോധിച്ച് പ്രത്യേക മരുന്നുകള്‍ തയ്യാറാക്കി നല്കി. അത് തളിച്ചതോടെയാണ് ചെടികള്‍ രോഗബാധയില്‍ നിന്ന് രക്ഷപ്പെട്ടത്. എങ്കിലും രണ്ടായിരത്തോളം തൈകള്‍ തണ്ടുചീയലില് നശിച്ചുപോയി. അതില്‍ തളരാന്‍ ഈ കര്‍ഷകര്‍ ഒരുക്കമായിരുന്നില്ല. കഞ്ഞിക്കുഴിയില്‍ നിന്ന് വീണ്ടും തൈകള്‍ കൊണ്ടുവന്ന് തൈകള്‍ പോയസ്ഥലങ്ങളില്‍ നട്ടുപിടിപ്പിച്ചു.
വലിയൊരു കൂട്ടായ്മയാണ് ഈ കൃഷിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളുടെ വലിയ പങ്കാളിത്തം ഈ സംരംഭത്തിലുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും സഹായവുമായി ഒപ്പമുണ്ട്. വിദ്യാർഥികളും യുവാക്കളുമെല്ലാം ഈ ചെടികളുടെ പരിചരണത്തിനായി ഓടിയെത്തുന്നുണ്ട്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായം ഈ കര്‍ഷകസംഘത്തിന് ലഭിക്കുന്നുണ്ട്.
ഓണവിപണിയിലേക്ക് പൂക്കളെത്തിച്ച് വിൽപന നടത്താനാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ അത്തം ആരംഭിക്കുന്നതിനും മൂന്നാഴ്ച മുമ്പ് തന്നെ ഇവിടെ പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. നിലവിൽ പ്രതിദിനം ശേഖരിക്കുന്ന പൂക്കൾ വിപണിയിൽ എത്തിക്കുന്നുണ്ട്. അത്തം ആരംഭിക്കുന്നതോടെ പൂവിൻറെ വില ഇരട്ടിയായി വർദ്ധിക്കും. പൂന്തോട്ടത്തിനുള്ളിലൂടെ നടക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. ഇതിനായി 25 മുതല്‍ പൂപ്പാടം വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും.