ദേശീയപാത നിർമാണമേഖലയിൽ വൻ മാലിന്യനിക്ഷേപം
text_fieldsദേശീയപാത നിർമാണമേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയിരിക്കുന്നു
ആറ്റിങ്ങൽ: ദേശീയപാത നിർമാണമേഖലയിൽ വൻ തോതിൽ മാലിന്യം തള്ളുന്നു; നാട്ടുകാർ ദുരിതത്തിൽ. ആറ്റിങ്ങൽ നഗരസഭയിൽ തോട്ടവാരം ബൈപാസ് നിർമാണ മേഖലയിൽ വാമനപുരം നദിക്കരയിലാണ് മാലിന്യനിക്ഷേപം. ലോഡ് കണക്കിന് മാലിന്യമാണ് പ്രതിദിനം ഇവിടെ കൊണ്ടിടുന്നത്. ആഹാര അവശിഷ്ടങ്ങൾ, കുടിവെള്ള കുപ്പികൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയാണ് മാലിന്യത്തിലുള്ളത്.
മാലിന്യം പ്ലാസ്റ്റിക് കവറുകളിലാണ് കൊണ്ട് തള്ളിയിരിക്കുന്നത്. ട്രെയിനിൽനിന്നുള്ള മാലിന്യമാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനുകളിലെ മാലിന്യനീക്കത്തിന് കരാറെടുക്കുന്നവർ ശേഖരിക്കുന്ന മാലിന്യം ഇവിടെക്കൊണ്ട് തള്ളിയതാകുമെന്ന് കരുതപ്പെടുന്നു. റെയിൽ നീർ ഉൾപ്പെടെയുള്ള ട്രെയിനിലെ ഭക്ഷണപാനീയങ്ങളുടെ പാക്കറ്റുകളും കുപ്പികളും ഈ മാലിന്യക്കൂട്ടത്തിൽ കൂടുതലായുള്ളത്.
കുറച്ചുദിവസങ്ങളായി ഇവിടെ മാലിന്യ നിക്ഷേപിക്കുകയാണ്. ദിവസം കഴിയുന്തോറും മാലിന്യത്തിന്റെ അളവ് വർധിക്കുന്നു. മാലിന്യം കൊണ്ടുവരുന്ന ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. എന്നാൽ റോഡ് നിർമാണപ്രവർത്തനങ്ങൾക്കായി ഇവിടെ രാപകൽ ഒരു പോലെ ടോറസ് ലോറികൾ കടന്ന് പോകുന്നു. അതിനാൽ മാലിന്യനിക്ഷേപം എപ്പോഴാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. ദേശീയപാത ബൈപാസ് നിർമാണ മേഖലയിൽ കൊല്ലമ്പുഴ ഭാഗത്ത് രണ്ടുദിവസം മുമ്പ് ഇത്തരത്തിൽ മാലിന്യനിക്ഷേപം നടന്നിരുന്നു. അതിനുശേഷമാണ് തോട്ടവാരം മേഖലയിലും വൻതോതിൽ മാലിന്യം തള്ളുന്നത്.